ക്രിക്കറ്റ് താരമെന്ന് കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസിലേക്ക് ഓടിവരുന്ന മുഖങ്ങൾ സച്ചിന്റെയും ധോണിയുടെയും കോഹ്ലിയുടേയുമൊക്കെ ആയിരിക്കും. എന്നാൽ ധനികനായ ഇന്ത്യൻ ക്രിക്കറ്റർ ആരെന്ന് ചോദിച്ചാലോ? പ്രശസ്തികൊണ്ട് അത്യുന്നതങ്ങളിൽ നിൽക്കുന്ന ഇവരുടെ ആരെങ്കിലും പേരായിരിക്കും വരിക. എന്നാൽ അല്ല. ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ വീടായ അന്റിലിയയെക്കാളും മൂല്യമുള്ള വലിയ കൊട്ടാരത്തിൽ കഴിയുന്നയാളാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റർ.
അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിട്ടില്ലെങ്കിലും ഒരു കാലത്ത് ആഭ്യന്തരക്രിക്കറ്റിൽ സജീവമായിരുന്ന സമർജിത് സിൻഹ് രഞ്ജിത്ത് സിൻഹ് ഗെയ്ക് വാദ് ആണ് ആ സമ്പന്നൻ. വഡോദരയിലെ ഗെയ്ക് വാദ് രാജകുടുംബാംഗമാണ് അദ്ദേഹം. ഇന്നത്തെ വഡോദയായ പണ്ടത്തെ ബറോഡ ഭരിച്ചിരുന്ന ഗെയ്ക് വാദ് രാജകുടുംബത്തിലെ രഞ്ജിത്സിൻഹ് പ്രതാപസിൻഹിന്റെയും ശുഭാംഗിണിരാജയുടെയും ഏകമകനായി 1967 ലാണ് സമർജിത് സിൻഹിന്റെ ജനനം. സ്കൂൾകാലഘട്ടത്തിലെ ക്രിക്കറ്റിലും ഫുട്ബോളിലും എന്നുവേണ്ട ഒരുവിധപ്പെട്ട എല്ലാ കായിക ഇനങ്ങളിലും അദ്ദേഹം തത്പരനായിരുന്നു. രഞ്ജി ട്രോഫിയിൽ ബറോഡയ്ക്കായി അദ്ദേഹം കളിച്ചു. 1987-89 സീസണിൽ ബറോഡയുടെ മിന്നും താരമായിരുന്നു അദ്ദേഹം. ബറോഡ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായും പ്രവർത്തിച്ച അദ്ദേഹത്തിന്റെ വസതിയായ ലക്ഷ്മി വിലാസ് എന്ന കൊട്ടാരത്തിന് മാത്രം നിലവിൽ 20,000 കോടിയോളമാണ് മൂല്യം വരികയത്രേ.
1880 കളിൽ മഹാരാജ സായാജിറാവു ഗെയ്ക്വാദാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. ബ്രിട്ടൻ രാജകുടംുബത്തിന്റെ കൊട്ടാരമായ ബക്കിംഗ്ഹാമിനേത്താൾ നാലിരട്ടി വലിപ്പമുണ്ട് ഇതിന്. 700 ഏക്കറോളം സ്ഥലത്താണ് ലക്ഷ്മി വിലാസ് വ്യാപിച്ചുകിടക്കുന്നത്. ആകെ 170 മുറികളുള്ള കൊട്ടാരത്തിലെ ഇന്റീരിയൽ വർക്കുകളെല്ലാം ആകർഷകമാണ്. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ ഷൂട്ടിംഗ് ഇവിടെ വച്ച് നടന്നിട്ടുണ്ട്.കൊട്ടാരത്തിൽനിന്ന് മൂന്ന് കിലോമീറ്ററോളം ദൂരത്തിൽ ചെറിയ റെയിൽപാതയും നിർമിച്ചിരുന്നു. കൊട്ടാരത്തിൽനിന്ന് കുട്ടികൾക്ക് സ്കൂളിൽ പോകാനായാണ് രാജാവ് പണ്ട് റെയിൽപാത നിർമിച്ചത്. അക്കാലത്ത് ബെൻസിന്റെ പേറ്റന്റോട് കൂടിയ വാഹനങ്ങൾ ഇന്ത്യയിൽ കൈവശം വെച്ചിരുന്ന രാജാക്കൻമാരിൽ ഒരാളായിരുന്നു അദ്ദേഹം. പിന്നീട് മകൻ രഞ്ജിത് സിൻഹ് രാജാവായി.
ബറോഡയിലെ പ്രശസ്തമായ ഈ രാജകുടുംബാംഗങ്ങളുടെ പക്കൽ 1934-ലെ റോൾസ് റോയ്സ്, 1948-ലെ ബെന്റ്ലി മാർക്ക് VI, 1937-ലെ റോൾസ് റോയ്സ് ഫാന്റം III തുടങ്ങിയ മറ്റ് വാഹനങ്ങളുമുണ്ട്. പാരമ്പര്യമായി ലഭിച്ച സ്വത്തുക്കൾ വിവിധ ബിസിനസ് സംരംഭങ്ങൾ എന്നിവയുൾപ്പെടെ കോടിക്കണത്ിന് സ്വത്തുണ്ട്. 2012ൽ, അദ്ദേഹത്തിന്റെ പിതാവിന്റെ മരണത്തെത്തുടർന്ന്, ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വസതിയായ ലക്ഷ്മി വിലാസ് കൊട്ടാരത്തിൽ വച്ച് നടന്ന ചടങ്ങിൽ സമർജിത്സിംഗ് ഗെയ്ക്വാദ് ബറോഡ മഹാരാജാവായി കിരീടമണിഞ്ഞു.വാങ്കനീർ രാജകുടുംബാംഗമായ രാധികരാജെയെയാണ് സമർജിത്സിംഗ് വിവാഹം കഴിച്ചത്.
Discussion about this post