മലയാളസിനിമയെ ആദ്യമായി 100 കോടി ക്ലബ്ബില്‍ കടത്തിയ ‘പുലിമുരുകന്’ അതിന്റെ സാങ്കേതികമികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു. എന്നാല്‍ ചിത്രം 150 കോടി ക്ലബ്ബില്‍ പ്രവേശിച്ചതിന് ശേഷം ചില ലൊക്കേഷന്‍ ചിത്രങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ വീണ്ടും ചര്‍ച്ചയാവുകയാണ് ചിത്രം. യഥാര്‍ത്ഥ കടുവയെ ഉപയോഗിച്ച് അപകടകരമായ ഒട്ടേറെ രംഗങ്ങള്‍ ചിത്രീകരിച്ചുവെന്ന് സംവിധായകനും സംഘട്ടനസംവിധായകനും അവകാശപ്പെട്ട ചിത്രത്തിന്റെ ലൊക്കേഷനില്‍ കാണപ്പെടുന്ന കടുവയുടെ ഒരു ബൊമ്മയുടെ ചിത്രമാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. കടുവയുടെ പാവയ്ക്കൊപ്പം പുലിമുരുകന്റെ മേക്കപ്പില്‍ മോഹന്‍ലാലുമുണ്ട് ചിത്രങ്ങളില്‍.
സംഘട്ടനരംഗങ്ങളില്‍ യഥാര്‍ഥ പുലിയെ ഉപയോഗിച്ചെന്ന പുലിമുരുകന് അണിയറക്കാരുടെ അവകാശവാദം തെറ്റാണെന്നാണ് ഈ ചിത്രങ്ങള്‍ തെളിവെന്ന നിലയില്‍ ഉയര്‍ത്തിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ പലരുടെയും ആരോപണം. എന്നാല്‍ യഥാര്‍ത്ഥ ഷോട്ട് എടുക്കുന്നതിന് മുന്‍പ് അത് ക്യാമറയില്‍ എങ്ങനെ പതിയണമെന്നും എന്തൊക്കെയാണ് അളവുകളെന്നും മുന്‍കൂട്ടി തീരുമാനിക്കുന്നതിനായി തയാറാക്കിയ ഡമ്മിയാണ് അതെന്നാണ് സംവിധായകന് വൈശാഖിന്റെ മറുപടി.
ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ലൊക്കേഷന്‍ ചിത്രങ്ങളിലുള്ളത് ഞങ്ങള്‍ ഉണ്ടാക്കിയ കടുവയുടെ ഡമ്മിയാണ്. യഥാര്‍ഥ ചിത്രീകരണം ആരംഭിക്കുംമുന്‍പ് ക്യാറയില്‍ നിന്നുള്ള കടുവയുടെ ദൂരവും ആംഗിളുമൊക്കെ അറിയാനാണ് അത്തരത്തില്‍ ഡമ്മി ഉണ്ടാക്കിയത്. ചിത്രീകരണത്തിന് ഉപയോഗിച്ച ജീവനുള്ള കടുവയുടെ അതേ വലുപ്പവും ഭാരവുമൊക്കെയുള്ള ഡമ്മി നിര്‍മ്മിച്ചെടുക്കുകയായിരുന്നു. ഫിലിം മേക്കിംഗിന്റെ സാങ്കേതിക വശത്തുനിന്ന് പറഞ്ഞാല്‍ അത് ചിത്രീകരണസമയത്ത് മികച്ച റിസല്‍ട്ട് ലഭിക്കാന്‍വേണ്ടി മുന്‍കൂട്ടിയുള്ള ഒരു തയ്യാറെടുപ്പാണ്. തീര്‍ത്തും സാങ്കേതികമായ ഒരു ജോലി. സിനിമയുടെ സാങ്കേതിരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണിത്.
‘ചിത്രീകരണത്തിന് മുന്‍പുള്ള ഈ തയാറെടുപ്പുകളുമായി സഹകരിക്കണമെന്ന് കടുവയോട് പറയാനാവില്ലല്ലോ? അതിനാല്‍ ഫ്രെയിം ഫിക്സ് ചെയ്യുമ്പോള്‍ ഡമ്മി ഉപയോഗിച്ച് അളവുകളെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തുകയായിരുന്നു. പുലിമുരുകനില്‍ കടുവ ഉള്‍പ്പെട്ട എല്ലാ ഷോട്ടുകളും ചിത്രീകരിക്കുന്നതിന് മുന്‍പ് ഡമ്മി വെച്ചാണ് ക്യാമറ എവിടെ വെക്കണമെന്നും എങ്ങനെ വെക്കണമെന്നും അഭിനേതാക്കളുടെ ടൈംമിഗ് എന്താവണമെന്നുമൊക്കെ തീരുമാനിച്ചത്. നടീനടന്മാര് അഭിനയിക്കുന്ന ഷോട്ടുകളാണെങ്കില് അവരെവച്ചോ പകരം മറ്റാരെയെങ്കിലും വച്ചോ ഇത്തരം തയ്യാറെടുപ്പുകള്‍ സാധിക്കും. പക്ഷേ ഇവിടെ കടുവ ആയതിനാല്‍ ഡമ്മി ഉപയോഗിക്കേണ്ടിവന്നു. പിന്നെ ഫേസ്ബുക്കില്‍ ആ ചിത്രം ആദ്യം പോസ്റ്റ് ചെയ്തത് ചിത്രത്തിന്റെ കലാസംവിധായകനായ ജോസഫ് നെല്ലിക്കല്‍ തന്നെയാണ്. ഇത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹത്തിന് പറയാന്‍ കഴിയും’ പിന്നെ ഒന്ന് ചിന്തിച്ചുനോക്കിയാല്‍ പോരേ? ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ കടുവയുടെ ഒരു ബൊമ്മയല്ലേ കാണുന്നത്? അതുപയോഗിച്ച് എങ്ങനെയാണ് സിനിമയില്‍ കണ്ടതുപോലെ മൂവ്മെന്റ് സാധ്യമാവുക? വൈശാഖ് ചോദിക്കുന്നു.
Discussion about this post