ഇറ്റാനഗർ : കടുവ സംരക്ഷണത്തിന്റെയും പരിസ്ഥിതി സ്നേഹത്തിന്റെയും സന്ദേശം പകർന്ന് നൽകി അരുണാചൽ പ്രദേശ് പരിസ്ഥിതി മന്ത്രി മാമ നാതുംഗ്. സന്ദേശം പകർന്ന് നൽകാൻ ഉപയോഗിച്ച രീതിയാണ് സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം ചർച്ചയാകുന്നത്. കൂറ്റൻ ബംഗാൾ കടുവയ്ക്കൊപ്പം നടന്നാണ് മാമ നാതുംഗ് പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രോജക്ട് ടൈഗറിന്റെയും പ്രാധാന്യം ചൂണ്ടിക്കാട്ടിയത്.
കടുവയ്ക്കൊപ്പമുള്ള വീഡിയോയും മന്ത്രി പങ്കു വെച്ചിട്ടുണ്ട്. കടുവയുടെ പുറം തടവി കൊടുക്കുന്നതും അതിനൊപ്പം നടക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. പശുക്കുട്ടിയെ പോലെ അനുസരണയോടെയാണ് കടുവ മാമ നാതുംഗിനൊപ്പം സഞ്ചരിക്കുന്നത്. മനുഷ്യനോട് ഇണക്കമുള്ള ഈ കടുവയ്ക്കൊപ്പം നടക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മാമ ട്വിറ്ററിൽ കുറിച്ചു. മൃഗങ്ങളുടെ സ്നേഹം നമ്മൾ മനസ്സിലാക്കണം. പ്രകൃതിയെ സ്നേഹിച്ചാൽ എവിടെയും അതിന്റെ മനോഹാരിത മനസ്സിലാക്കാൻ കഴിയുമെന്നും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.
അരുണാചൽ പ്രദേശിലെ ബിജെപി സർക്കാരിലെ സ്പോട്സ് യുവജന ക്ഷേമ പരിസ്ഥിതി മന്ത്രിയാണ് മാമ നാതുംഗ്. പരിസ്ഥിതി വിഷയത്തിൽ നിരവധി ഇടപെടലുകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. അരുണാചലിൽ എയർഗൺ സറണ്ടർ അഭിയാൻ എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെ പ്രധാന ആസൂത്രകനായിരുന്നു നാതുംഗ്. മൃഗങ്ങളേയും പക്ഷികളേയും വെടിവെക്കാൻ ഉപയോഗിക്കുന്ന ലൈസൻസ് ആവശ്യമില്ലാത്ത എയർ ഗണ്ണുകൾ തിരിച്ച് നൽകാൻ ജനങ്ങളെ ബോധവത്കരിക്കാനുള്ള പദ്ധതിയായിരുന്നു ഇത്. പദ്ധതി വിജയമായതോടെ തൊട്ടടുത്ത സംസ്ഥാനങ്ങളും ഇത് നടപ്പിൽ വരുത്തിയിരുന്നു.
Discussion about this post