ചെന്നൈ : ആർഎസ്എസിനെ നിരോധിക്കണമെന്ന ആവശ്യവുമായി ഡിഎംകെ നേതാവ് രംഗത്ത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചത് പോലെ രാഷ്ട്രീയ സ്വയംസേവക സംഘത്തെയും നിരോധിക്കേണ്ടത് ആവശ്യമാണെന്നാണ് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞത്. അതിലൂടെ മതപരമായ അപ്രമാദിത്വം ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് ഡിഎംകെ നേതാവിന്റെ വാദം.
തൊണ്ണൂറു ശതമാനം മുസ്ലീങ്ങളും പിഎഫ്‌ഐയെ പിന്തുണയ്ക്കുന്നില്ല. ആർഎസ്എസ് ചെയ്യുന്നത് തന്നെയാണ് അവരും ചെയ്തിരുന്നത്. അങ്ങനെയെങ്കിൽ ആർഎസ്എസും നിരോധിക്കണം. എങ്കിൽ രാജ്യത്തിനി മതപരമായ അപ്രമാദിത്വം വളർത്താൻ ആരും ശ്രമിക്കില്ലെന്നും ഇളങ്കോവൻ പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് ഇന്ത്യയിൽ തീവ്രവാദം പ്രചരിപ്പിക്കുകയാണ് ചെയ്തിരുന്നതെന്നും സംഘടനയെ നിരോധിച്ചതിലൂടെ കേന്ദ്രസർക്കാർ ഇന്ത്യയെ രക്ഷിച്ചുവെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ഡിഎംകെ നേതാവ്.
പോപ്പുലർ ഫ്രണ്ട് മതപരമായ അപ്രമാദിത്വത്തെക്കുറിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ല. ആളുകളോട് ഇസ്ലാം മതത്തിലേക്ക് മാറാനും അവർ ആവശ്യപ്പെട്ടിട്ടില്ല. അവർ മുസ്ലീങ്ങളാണ്. മുസ്ലീങ്ങളോട് ബിജെപിക്കുള്ള സ്വാഭാവിക വിദ്വേഷമാണ് പിഎഫ്ഐയെ നിരോധിച്ചതിന് പിന്നിലെ കാരണം. പിഎഫ്ഐയിലും ചില തീവ്രവാദികൾ ഉണ്ടായേക്കാം. അവർക്കെതിരെ നടപടിയെടുക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ പിഎഫ്ഐ നിരോധിച്ചതിലൂടെ അവർ ഇന്ത്യയെ രക്ഷിച്ചുവെന്ന് അമിത് ഷാ പറയുന്നത് തികച്ചും തമാശയാണെന്നാണ് ഡിഎംകെ നേതാവ് ഇളങ്കോവൻ പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും രാജ്യം ഗുജറാത്താണെന്നാണ് കരുതുന്നത്. അവിടെ എന്ത് സംഭവിച്ചാലും രാജ്യത്ത് മറ്റെവിടെയെങ്കിലും അത് നടക്കുന്നുണ്ടെന്ന് അവർ കരുതുന്നു. അവർ ഗുജറാത്തിൽ നിന്ന് പുറത്തു വന്ന് ജനങ്ങളോട് സംസാരിക്കണമെന്നും ഇളങ്കോവൻ കൂട്ടിച്ചേർത്തു.
Discussion about this post