കോഴിക്കോട്: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റം ചെയ്തത് ദൈവമാണെങ്കിലും പിടികൂടുമെന്ന് മന്ത്രി എ.കെ. ബാലന്‍. സംഭവത്തിനു പിറകിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത് എത്ര വമ്പന്‍മാരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്ന് അന്വേഷണ സംഘത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാനത്ത് ചലച്ചിത്ര വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാ മേഖലയിലുള്ളവര്‍ക്കും പങ്കുണ്ടെന്നുള്ള സൂചനയാണ് മന്ത്രിയുടെ പ്രതികരണത്തിലൂടെ പുറത്തുവരുന്നത്. ചില സിനിമാ പ്രവര്‍ത്തകരെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമെന്ന് നേരത്തേതന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇക്കാര്യം ശരിവയ്ക്കുന്നതാണ് മന്ത്രിയുടെ പ്രതികരണം.
സിനിമാ മേഖലയില്‍ അംഗീകരിക്കാനാകാത്ത ഒട്ടേറെ പ്രവണതകളുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ മോശം പ്രവണതകളെല്ലാം അവരുടെതന്നെ സഹായത്തോടെ പരിപൂര്‍ണമായും ഇല്ലാതാക്കും. ചലച്ചിത്ര വകുപ്പിന്റെ ചുമതല ഏറ്റെടുക്കുന്നതിനു മുന്‍പുതന്നെ സിനിമാ മേഖലയിലെ അനാശാസ്യ പ്രവണതകളെക്കുറിച്ച് അറിഞ്ഞിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
നടിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് അറിഞ്ഞ ഉടന്‍തന്നെ സംവിധായകന്‍ കമല്‍ ഉള്‍പ്പെടെയുള്ളവരെ ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തേടിയിരുന്നു. നടിയുടെ കുടുംബവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നെന്നും മന്ത്രി അറിയിച്ചു.
Discussion about this post