കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി ആക്രമിക്കപ്പെട്ട നടിയോട് പറഞ്ഞതായി ഭാഗ്യലക്ഷ്മി പറഞ്ഞു. നടിയുമായി സംസാരിച്ച വിവരങ്ങള്‍ ഒരു സ്വകാര്യ ചാനലിനോട് പങ്കുവെക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.
ക്വട്ടേഷനാണെങ്കില്‍ കൂടുതല്‍ പണം തരാമെന്ന് പള്‍സര്‍ സുനിയോട് പറഞ്ഞിട്ടും അവര്‍ ഉപദ്രവിച്ചു. ആരുടെ ക്വട്ടേഷനാണെങ്കിലും ഇങ്ങനെ ക്രൂരമായി പെരുമാറാന്‍ ഒരാള്‍ക്ക് സാധിക്കുമോ, ആക്രമണത്തിന് പിന്നില്‍ പ്രമുഖനടനാണെന്ന് പൊലീസിന് മൊഴി നല്‍കിയിട്ടില്ല. സിനിമ ഇല്ലാതാക്കാന്‍ ഇടപെട്ടിട്ടുണ്ടെങ്കിലും ഇത്ര വലിയ ക്രൂരത പ്രമുഖ നടന്‍ ചെയ്യുമെന്ന് കരുതുന്നില്ലെന്നുളള കാര്യങ്ങളും നടി തന്നോട് വ്യക്തമാക്കിയെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ഞെട്ടിക്കുന്ന വിവരങ്ങളാണ് തന്നോട് നടി വെളിപ്പെടുത്തിയതെന്നും ഭാഗ്യലക്ഷ്മി വിശദമാക്കുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രമുഖ നടനെ ചോദ്യം ചെയ്തതായി ഇന്നലെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കൂടാതെ നടനും സംവിധായകനുമായ മറ്റൊരു യുവ നടന്റെ കാക്കനാടുളള ഫഌറ്റില്‍ നിന്നും ഒരാളെ പിടികൂടിയതായും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുതാരങ്ങളും ഇത് നിഷേധിച്ച് ഇന്നലെ രംഗത്തെത്തിയിരുന്നു. കൂടാതെ തങ്ങളെ അപകീര്‍ത്തിപ്പെടുത്താനുളള ശ്രമമാണ് നടക്കുന്നതെന്നും രണ്ടുപേരും പറഞ്ഞിരുന്നു. ഐജി പി. വിജയനും പ്രമുഖ നടന്റെ മൊഴിയെടുത്തു എന്ന വാര്‍ത്തകളെക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞതും. സിനിമാ സംഘടനകളും നിര്‍മ്മാതാക്കളുടെ സംഘടനകളും നടന്‍മാര്‍ക്കെതിരെയുളള ആരോപണങ്ങള്‍ക്കെതിരെ ഇന്നലെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമിക്കപ്പെട്ട നടി പ്രമുഖ നടനെ ഇതില്‍ സംശയിക്കുന്നില്ലെന്ന് തന്നോട് വ്യക്തമാക്കിയതായുളള ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തലും പുറത്ത് വരുന്നത്.
യുവനടിക്കെതിരായ ആക്രമണം നടന്നതിനുശേഷം 24 മണിക്കൂറിനുള്ളില്‍ എല്ലാ പ്രതികളെയും പിടികൂടുമെന്നാണ് പൊലീസ് അറിയിച്ചത്. എന്നാല്‍ അഞ്ചുദിവസം പിന്നിടുമ്പോഴും പ്രധാന പ്രതികളായ പള്‍സര്‍ സുനി, വിജേഷ് എന്നിവരെ ഇതുവരെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത മാസത്തേക്ക് കോടതി മാറ്റിവെച്ചതിനാല്‍ കോടതിയിലെത്തി കീഴടങ്ങും മുന്‍പ് ഇവരെ പിടികൂടാനുളള ശ്രമത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസം പിടിയിലായ മണികണ്ഠന്റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും.
Discussion about this post