നടി ആക്രമിക്കപ്പെട്ട ദിവസം നിര്‍മാതാവ് ആന്റോ ജോസഫിനെ വീട്ടില്‍ വിളിച്ചുവരുത്തിയത് താനായിരുന്നെന്ന് നടനും സംവിധായകനുമായ ലാല്‍ രംഗത്ത്. ആന്റോ ജോസഫിനെതിരെയും ദിലീപിനെതിരെയും ആരോപണങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് വിശദീകരണവുമായി ലാല്‍ രംഗത്തെത്തിയത്.
അതേസമയം നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ലാല്‍ വ്യക്തമാക്കി. നടന്‍ ദിലീപിനെയും മറ്റും അനാവശ്യമായി സംഭവത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നുവെന്നും ലാല്‍ പറഞ്ഞു. സഹായിക്കാനെത്തിയവരെ ആരോപണങ്ങള്‍ക്കിരയാക്കിയത് തന്നെ വളരെയധികം വേദനിപ്പിച്ചുവെന്നും ലാല്‍ വ്യക്തമാക്കി.
‘നടിയെ അന്ന് രാത്രി മുതല്‍ അഭയം കൊടുക്കാന്‍ തീരുമാനിച്ചതാണ്. ആന്റോയെ ഞാന്‍ വിളിച്ചുവരുത്തിയതാണ്. രാത്രി മുതല്‍ രാവിലെ വരെ ആന്റോ ഒപ്പമുണ്ടായിരുന്നു. എന്നിട്ടും ആന്റോയെപ്പറ്റി വിവാദങ്ങള്‍ വന്നു. ആന്റോയെക്കാളും വിഷമം എനിക്ക് ഉണ്ടായി. ഇനി ഇങ്ങനെയൊരു പ്രശ്‌നമുണ്ടായാല്‍ ആന്റോ വരുമോ? ഇതൊക്കെയാണ് ഇവിടെ സംഭവിക്കുന്നത്. ലാല്‍ പറഞ്ഞു.
‘സംഭവദിവസം കാര്യങ്ങള്‍ എല്ലാം വിശദീകരിച്ചപ്പോള്‍ ആദ്യം എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. ഏകദേശം ഒരു ധാരണകിട്ടിയപ്പോള്‍ ബെഹ്‌റ സാറിനെ വിളിച്ചു. ഫുക്രി സിനിമയുടെ ഷൂട്ടിങിനിടെ അദ്ദേഹത്തെ പരിചയപ്പെട്ടിരുന്നു. അദ്ദേഹം പറഞ്ഞു ഒട്ടും വിഷമിക്കണ്ട, പേടിക്കാതിരിക്കൂ എന്നാണ് പറഞ്ഞത്. വളരെ പെട്ടന്ന് തന്നെ മുറ്റം നിറയെ പൊലീസ്. സിനിമയിലൊക്കെയേ ഞാന്‍ ഇത് കണ്ടിട്ടൊള്ളൂ. കേരളത്തിന്റെ പൊലീസ് സേനയെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നു.’ ലാല്‍ പറഞ്ഞു.
‘എന്റെ പേര് വലിച്ചിഴയ്ക്കുന്നതില്‍ ടെന്‍ഷന്‍ ഇല്ലായിരുന്നു. ജനങ്ങള്‍ എന്നെ സംശയിക്കില്ലെന്ന് ഉറപ്പായിരുന്നു. എന്നിട്ടും എന്റെ പേര് ചില പത്രങ്ങളില്‍ വന്നിരുന്നു. ഊഹാപോഹക്കഥകള്‍ ഉണ്ടാക്കുമ്പോള്‍ അതൊരാളുടെ ജീവിതത്തെ ബാധിക്കുമെന്ന് ഓര്‍ക്കണം.’ന്യൂജനറേഷന്‍ എന്നതിനെ കളിയാക്കുന്ന രീതി ഞാന്‍ കണ്ടു. കുറേ പിള്ളേര് കൂടി മയക്കുമരുന്നും കഞ്ചാവും വലിച്ച് സിനിമ ഉണ്ടാക്കുന്നു എന്നാണ് ഇവര്‍ പറഞ്ഞുവരുത്തുന്നത്. പഴയതലമുറയിലെ ആളുകളെ വിളിച്ച് ചോദിച്ച് നോക്കൂ. മദ്യം പോലും ഉപയോഗിച്ച് സിനിമയില്‍ അഭിനയിക്കുന്ന ആരെപോലും ഞാന്‍ കണ്ടിട്ടില്ല. അവരുടെ സിനിമകള്‍ കണ്ട് അസൂയപ്പെടാതെ അവരെപ്പോലെ സിനിമകള്‍ ചെയ്യാന്‍ ശ്രമിക്കൂ.
എന്റെ മകന്‍ ചെയ്യുന്ന സിനിമയില്‍ കല്യാണരംഗം ഉണ്ട്. അതിനായി കുറേ ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ വേണമായിരുന്നു. പത്ത് ദിവസം വേണമായിരുന്നു ആ കല്യാണരംഗം ഷൂട്ട് ചെയ്യാന്‍. അതിന് വേണ്ടി വിളിച്ച ഒരു ടെംപോ ട്രാവലറിന്റെ ഡ്രൈവറായിരുന്നു സുനി. അതിമിടുക്കനായ ആളായിരുന്നു ഈ സുനി. പിന്നീട് ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ എന്റെ വീട്ടിലെ തന്നെ വണ്ടികള്‍ സിനിമയ്ക്കായി ഓടാന്‍ കൊടുത്തു.
പിന്നീട് ഡബ്ബിങിനും മറ്റു ആവശ്യങ്ങള്‍ക്കും ഈ വണ്ടികള്‍ ആണ് ഓടിക്കൊണ്ടിരിക്കുന്നത്. അങ്ങനെ രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോകുന്നതിന് വേണ്ടിയാണ് നടിക്കു വേണ്ടി വണ്ടി വിട്ടുകൊടുത്തത്. അല്ലാതെ ഷൂട്ടിങ് പൂര്‍ത്തിയായ സിനിമയ്ക്ക് വേണ്ടി അല്ലായിരുന്നു. ലാല്‍ പറഞ്ഞു.
Discussion about this post