ആസ്ത്രേലിയയോട് കനത്ത പരാജയമേറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെയും നായകനെയും പിന്തുണച്ച് സച്ചിന് ടെന്റുല്‍ക്കര്‍. ഇന്ത്യ തിരിച്ചടിക്കാന്‍ കരുത്തുള്ളവരാണ്. അക്കാര്യം ഒസീസിന് അറിയാമെന്നതുകൊണ്ട് അവര്‍ പ്രതിരോധിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് സച്ചിന് പറഞ്ഞു. പൂണെ ടെസ്റ്റില്‍ 333 റണ്‍സിന് ഓസീസിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനു നേരെ വിമര്‍ശന ശരങ്ങള്‍ ഉയരുന്നതിനിടെയാണ് ആശ്വാസവുമായി സച്ചിന് ടെന്റുല്‍ക്കര്‍ രംഗത്തെത്തിയത്.
സ്പിന്‍ കെണി ഒരുക്കിയവര്‍ തന്നെ കുഴിയില്‍ വീണുവെന്നും കോഹ്ലി ഉള്‍പ്പെടെ ടീം ബാറ്റിംഗില്‍ തകര്ന്നടിഞ്ഞുവെന്നുമാണ് വിമര്‍ശനങ്ങള്‍. തുടര്‍ച്ചയായ 19 ടെസ്റ്റ് മത്സരങ്ങള്‍ക്കുശേഷമാണ് ഇന്ത്യയുടെ പരാജയം. അതിനാല്‍ ഒരൊറ്റ പരാജയം കൊണ്ട് ഇന്ത്യ ഇതുവരെ നേടിയ വിജയങ്ങള്‍ വിസ്മരിക്കാനാകില്ലെന്നും സച്ചിന് പറഞ്ഞു. നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ തോറ്റതുകൊണ്ട് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ തോല്ക്കണമെന്നില്ലെ, ടീമിന് മുന്നില്‍ അവസരമാണ് തുറന്ന് കിടക്കുന്നതെന്നും സച്ചിന് കൂട്ടിച്ചേര്‍ത്തു.
അതേസമയം തോല്‍വിയില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്കറും, സൗരവ് ഗാംഗുലിയും രൂക്ഷമായി വിമര്‍ശിച്ചു. ബ്രേക്കിനുശേഷം ഇന്ത്യ തകര്‍ന്നടിഞ്ഞത് വിശ്വസിക്കാനാകില്ലെന്നും കോലിയും സംഘവും ബാറ്റിംഗില്‍ അശ്രദ്ധ കാട്ടിയെന്നും ഗവാസ്കര്‍ പറഞ്ഞു. ഇന്ത്യന്‍ ടീം പോരാട്ടവീര്യം കാണിക്കാത്തതില്‍ നിരാശയുണ്ടെന്ന് ഗാംഗുലിയും അഭിപ്രായപ്പെട്ടു.
Discussion about this post