തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് വൈകുന്നേരം പ്രഖ്യാപിക്കും. വൈകിട്ട് അഞ്ചിന് മന്ത്രി എ കെ ബാലനാണ് പ്രഖ്യാപനം നടത്തുക.
കോടികള്‍ ലാഭം നേടിയ പുലിമുരുകന് ഉള്‍പ്പടെ 68 സിനിമകളാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് എത്തിയത്. ഇതില്‍ നല്ലൊരു പങ്കും മതിയായ നിലവാരം പുലര്‍ത്തുന്നില്ലെന്നാണ് വിലയിരുത്തല്‍. വിവിധ അവാര്‍ഡുകള്‍ക്കായി ഒരുഡസനിലേറെ ചിത്രങ്ങളാണ് അവസാന വട്ട പരിഗണനയില്‍.
അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും, വിധു വിന്‍സന്റിന്റെ മാന്‍ഹോള്‍, ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം, ഡോ ബിജുവിന്റെ കാടു പൂക്കുന്ന നേരം, പ്രിയദര്‍ശന്റെ ഒപ്പം, സത്യന് അന്തികാടിന്റെ ജോമോന്റെ സുവിശേഷങ്ങള്‍ ശ്രീനിവാസന് നായകനായി അഭിനയിച്ച അയാള്‍ ശശി തുടങ്ങിയ ചിത്രങ്ങള്‍ സാധ്യതാപട്ടികയിലുണ്ട്.
മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഗപ്പി, കിസ്മത്ത്, ഒരു മുത്തശ്ശി ഗദ, ആന്‍ മരിയ കലിപ്പിലാണ് തുടങ്ങിയ സിനിമകളും ശക്തമായ മത്സരം കാഴ്ചവെയ്ക്കുന്നു. പുലി മുരുകന്, മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങള്‍ ജനപ്രീതിയും കലാമേന്മയുമുള്ള സിനിമയ്ക്കായി മത്സരിക്കുന്നു.
അതേസമയം കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രത്തിന്റെ അവതരണത്തിന് വിനായകന് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതായിട്ടാണ് സൂചന. നവാഗതയായ വിധു വിന്‍സന്റ് മികച്ച സംവിധായികയായും വിധു വിന്‍സന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ മികച്ച ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടതായും സൂചനയുണ്ട്.
എം. ജയചന്ദ്രനായിരിക്കും മികച്ച സംഗീത സംവിധായകനെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കാംബോജിയിലെ സംഗീത സംവിധാനത്തിനാണ് ജയചന്ദ്രന് അവാര്‍ഡ്. മികച്ച ഗാനരചയിതാവായി ഒ.എന്‍.വി കുറുപ്പിനെയും മികച്ച ഗായികയായി കെ.എസ് ചിത്രയെയും തെരഞ്ഞെടുത്തതായും സൂചനയുണ്ട്.
Discussion about this post