ബിന്ദു ടി-
ആസാമില്‍ നിന്ന് മണിപ്പൂരിലേക്ക് അധിക ദൂരമില്ല എന്നത് പോലെ മണിപ്പൂരില്‍ നിന്ന് ത്രിപുരയിലേക്കും അധിക ദൂരമില്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഇന്ന് പുറത്ത് വന്ന തെരഞ്ഞെടുപ്പ് ഫലം.
കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപി മുദ്രാവാക്യം ബിജെപി ഭരിത ഭാരതം എന്ന മുദ്രാവാക്യത്തിലേക്ക് വഴിമാറുന്നു എന്ന വ്യക്തമായ സൂചന നല്കുന്നു ഈ ഫലങ്ങള്‍. പഞ്ചാബിലെ ഒരു അകാലിദള്‍ വിരുദ്ധവികാരം കോണ്‍ഗ്രസിനെ തുണച്ചു എന്നത് ആ പാര്‍ട്ടിയുടെ നാശത്തിലേക്കുള്ള വഴിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് ആരും കരുതുന്നില്ല.
മണിപ്പൂര്‍ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യയിലെ ബിജെപി-മോദി വിരുദ്ധ ശക്തികള്ക്കുണ്ടാക്കുന്ന ഞെട്ടല്‍ ചെറുതല്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ കീഴടക്കാനുള്ള ബിജെപിയുടെ നീക്കത്തിന് ലഭിച്ച ഏറ്റവും വലിയ ആവേശമാകും മണിപ്പൂരിലെ രാഷ്ട്രീയ പടയോട്ടം രാഷ്ട്രീയ നിരീക്ഷകരെ പോലും വിസ്മയിപ്പിക്കുന്ന ഒന്നാണ്. ആദ്യമായ അക്കൗണ്ട് തുറക്കുന്ന ഒരു പാര്‍ട്ടി അധികാരത്തിന് അടുത്തവരെ എത്തുക( ഈ ലേഖനം എഴുതുന്ന സമയത്ത് മണിപ്പൂര്‍ ആര് ഭരിക്കും എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല)
വികസനം എത്തിനോക്കാത്ത വിഘടനവാദവും, ഭീകരവാദവും ശക്തമായ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന്റെ പറുദീസയായിരുന്നു. രാജ്യമെമ്പാടും വലിയ കോണ്‍ഗ്രസ് വികാരം ആഞ്ഞടിക്കുമ്പോഴും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. മിസോറാം, ആസാം, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന് നല്‍കിയിരുന്ന ആത്മവിശ്വാസം എക്കാലത്തും ചെറുതായിരുന്നില്ല.
പക്ഷേ നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം കാര്യങ്ങള്‍ മാറി മറിഞ്ഞു. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മോദി മുദ്രാവാക്യം നടപ്പാക്കാന്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ആധിപത്യത്തിന് വിരാമമിടേണ്ടിയിരുന്നു ബിജെപിയ്ക്ക്. ആസാമില്‍ നേടിയ മുന്നേറ്റത്തോടെ ബിജെപി ആ ലക്ഷ്യത്തിലേക്ക് നടന്നു നീങ്ങി. ആസാമില്‍ നിന്ന് മണിപ്പൂരിലേക്ക് അധികം ദൂരമുണ്ടായില്ല. അരുണചാല്‍ ഒരു തെരഞ്ഞെടുപ്പിന് കാത്ത് നില്‍ക്കാതെ ബിജെപിയ്ക്കൊപ്പം നിരന്നു. ഉത്തരാഖണ്ഡും, മണിപ്പൂരും ഇപ്പോള്‍ മാറി ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. മണിപ്പൂരിലെ ദളിതരേയും ദരിദ്ര വിഭാഗത്തെയും കൂടെ നിര്‍ത്തി, വികസന സ്വപ്നങ്ങള്‍ പങ്കുവെച്ചാണ് ബിജെപി രാഷ്ട്രീയ മുന്നേറ്റം നടത്തിയത്.
മണിപ്പൂര്‍-
ആകെ സീറ്റുകള്‍-60
കോണ്‍ഗ്രസ്-24
ബിജെപി-25
എല്‍ഡിഎഫ്-1
മറ്റുള്ളവര്‍-10
സ്വതന്ത്ര കക്ഷികള്‍ ബിജെപിയെ പിന്തുണക്കാനാണ് സാധ്യത എന്നാണ് അവിടെ നിന്നുള്ള വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നത്. ഒരു പക്ഷേ അധികാരത്തിലെത്താനായാല്‍ അത് ബിജെപിയുടെ വലിയ രാഷ്ട്രീയ നേട്ടമായിരിക്കും.
മണിപ്പൂരിലെ താമര വിരിഞ്ഞത് കൂട്ടമായാണ് എന്നത് എതിരാളികളുടെ മനസ്സിലുണ്ടാക്കുന്ന ആശങ്ക ചെറുതല്ല. രാജ്യത്ത് രണ്ട് സംസ്ഥാനങ്ങളില്‍ മാത്രം അധികാരത്തിലുള്ള സിപിഎം ഉള്‍പ്പെടുന്ന ഇടതുപക്ഷത്തിന്റെ ഉള്ളിലാണ് ഇത്തരം വാര്‍ത്തകള്‍ തീ കോരി ഇടുന്നത്. മണിപ്പൂരില്‍ നിന്ന് സിപിഎം ഭരണത്തിലുള്ള ത്രിപുരയിലേക്ക് അധിക ദൂരമില്ല എന്നതാണ് സിപിഎമ്മിന്റെ ഉറക്കം കെടുത്തുക. പോയ വര്‍ഷം അവസാനം നടന്ന ത്രിപുര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സിപിഎമ്മിന് പിറകില്‍ മത്സരം നടന്ന രണ്ട് മണ്ഡലങ്ങളിലും ബിജെപിയാണ് രണ്ടാമത് എത്തിയത്. ത്രിപുരയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനത്ത് മുഖ്യപ്രതിപക്ഷമായി ബിജെപി മാറുന്നുവെന്ന തിരിച്ചറിവായി ആ ഫലങ്ങള്‍. നോട്ട് അസാധുവാക്കലിനെതിരെ ശക്തമായ പ്രചപണം സിപിഎം അഴിച്ചുവിട്ടിട്ടും ത്രിപുരയില്‍ ബിജെപി ഉണ്ടാക്കിയ മുന്നേറ്റം സിപിഐഎം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ത്രിപുര ബിജെപി താമസിയാതെ പിടിച്ചെടുക്കും എന്ന് ബിജെപി നേതാക്കള്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ സിപിഎം കടുത്ത ജാഗ്രതയിലായി. ഏത് വിധേനയും ബിജെപിയെ ചെറുക്കാനാണ് സംസ്ഥാന നേതൃത്വത്തിന് പൊളിറ്റ് ബ്യൂറോ നല്കിയ നിര്‍ദ്ദേശം.
ബിജെപിയുടെ വളര്‍ച്ചയെ ചെറുക്കാന്‍ സിപിഎം രംഗത്തിറങ്ങിയതോടെ ത്രിപുരയില്‍ ബിജെപി-സിപിഎം രാഷ്ട്രീയ ഏറ്റുമുട്ടലുകളും കൂടിയിട്ടുണ്ട്. സിപിഎം പ്രവര്‍ത്തന സ്വാതന്ത്ര്യം തടയുകയാണ് എന്നാണ് ബിജെപിയുടെ ആരോപണം.
റെയില്‍വെ ഉള്‍പ്പടെ കേന്ദ്രസര്‍ക്കാര്‍ ത്രിപുരയില്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങളാണ് ബിജെപി ഇവിടെ പ്രധാനപ്രചരണ വിഷയമാക്കുന്നത്. ഇത്രയും കാലമായി കേന്ദ്രസര്‍ക്കാരുകള്‍ ത്രിപുരയുള്‍പ്പടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ അവഗണിച്ചത് കണക്ക് സഹിതം ബിജെപി ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രചപണങ്ങളെയാണ് ത്രിപുര ഭരിക്കുന്ന സിപിഎം ഏറെ ഭയപ്പെടുന്നത്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി സ്വാധീനം ഉറപ്പിക്കുന്നത് ത്രിപുരയിലും വലിയ രാഷ്ട്രീയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. രണ്ട് വര്‍ഷത്തിന് ശേഷം നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് ബിജെപി കരുതുന്നത്.
Discussion about this post