റാഞ്ചി: ഇന്ത്യക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ മികച്ച സ്കോറില്‍. നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസിസ് 299 റണ്‍സെടുത്തു.
19 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് വാര്‍ണര്‍ മടങ്ങിയത്.
പിന്നീട് റെന്‍ഷാ സ്മിത്തിനെ കൂട്ടുപിടിച്ച് ഇന്നിങ്‌സ് മുന്നോട്ടു നയിച്ചെങ്കിലും അധികം ആയുസുണ്ടായില്ല. 44 റണ്‍സെടുത്ത റെന്‍ഷാ മികച്ച നിലയില്‍ നില്‍ക്കെ ഉമേഷ് യാദവ് അടുത്ത പ്രഹരമേല്‍പ്പിച്ചു. വിരാട് കോലിക്ക് ക്യാച്ച്. റെന്‍ഷാ പുറത്ത്. റെന്‍ഷാ പുറത്തായതോടെ ക്രീസിലെത്തിയ ഷോണ്‍ മാര്‍ഷിനും പിടിച്ചു നില്‍ക്കാനായില്ല. നേരിട്ട എട്ടാം പന്തില്‍ തന്നെ മാര്‍ഷിനെ അശ്വിന്‍ പുറത്താക്കി. ചേതേശ്വര്‍ പൂജാര പിടിച്ചു പുറത്താക്കുമ്പോള്‍ മാര്‍ഷിന് ടോട്ടല്‍ സ്‌കോറിനോട് രണ്ട് റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ.
നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ടു മത്സരങ്ങളിലും ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ടീമാണ് ജയിച്ചത്. നാലു മത്സരങ്ങളുള്ള പരമ്പരയില്‍ ഇരുടീമുകളും ഓരോ മത്സരം വീതം ജയിച്ചു തുല്ല്യതയിലാണ്.
പരിക്കില്‍ നിന്ന് മുക്തനായി ഓപ്പണര്‍ മുരളി വിജയ് ടീമില്‍ മടങ്ങിയെത്തിയതോടെ അഭിനവ് മുകുന്ദിന് സ്ഥാനം നഷ്ടമായി. ഓസീസ് ടീമില്‍ സ്റ്റാര്‍ക്കിന് പകരം കമ്മിന്‍സും മാര്‍ഷിന് പകരം മാക്‌സ്‌വെല്ലും ഇടം പിടിച്ചു.
Discussion about this post