മോഹന്‍ലാല്‍ പുലിമുരുകന് എന്ന ചിത്രത്തില്‍ കഴുത്തില്‍ ധരിച്ച പുലിപ്പല്ലിന്റെ മാതൃകയിലുളള മാല ഓണ്‍ലൈന്‍ ലേലത്തില്‍ സ്വന്തമാക്കിയത് ഒരു ലക്ഷത്തി പതിനായിരം രൂപയ്ക്ക്. മാത്യു ജോസ് എന്നയാളാണ് രണ്ട് മാസത്തിലേറെ നീണ്ട ലേലത്തില്‍ ഉയര്‍ന്ന തുകയ്ക്ക് പുലിപ്പല്ലിന്റെ മാതൃകയിലുളള മാല സ്വന്തമാക്കിയത്. മോഹന്‍ലാല്‍ നേരിട്ടാണ് ഈ മാല വിജയിക്ക് കൈമാറുന്നത്. മോഹന്‍ലാലിന്റെ സിനിമകളും ജീവിതവും ലാല്‍ സിനിമകളുടെ അപ്ഡേഷന് ഉള്‍പ്പെടെ പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ ദ കംപ്ലീറ്റ് ആക്ടര്‍ എന്ന വെബ്സൈറ്റിലാണ് പുലിമുരുകന് മാലയുടെ ലേലംവിളി നടന്നത്.
തുടക്കത്തില്‍ 35,000 രൂപയിലേക്കാണ് ലേലം എത്തിയിരുന്നത്. ദ കംപ്ലീറ്റ് ആക്ടര്‍ ടീം മോഹന്‍ലാലിന്റെ പേരില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്കുള്ള സാമ്പത്തിക സമാഹരണമാണ് ലാല്‍ സ്റ്റോറിലൂടെ ലക്ഷ്യമിടുന്നതെന്ന് മോഹന്‍ലാലിന്റെ വെബ് മാസ്റ്ററും ദ കംപ്ലീറ്റ് ആക്ടര്‍ ഡോട്ട് കോം സാരഥിയുമായ സജീവ് സോമന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ലാല്‍ സ്റ്റോറില്‍ മോഹന്‍ലാലിന്റെ കഥാപാത്രം സിനിമയില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ കൂടാതെ അദ്ദേഹത്തിന്റെ പുസ്തങ്ങളും അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകങ്ങളും ലഭ്യമാണ്. പുസ്തകങ്ങള്‍ ലാല്‍ സാറിന്റെ കയ്യൊപ്പോടെയാണ് ലഭിക്കുക. പുലിമുരുകനില്‍ അദ്ദേഹം ധരിച്ച മാല ഓക്ഷനില്‍ വച്ചപ്പോള്‍ ആവേശകരമായ പ്രതികരണമാണ് ഉണ്ടായത്. മോഹന്‍ലാല്‍ സാറിന്റെ കയ്യില്‍ നിന്ന് നേരിട്ടാവും മാല വിജയിക്ക് ലഭിക്കുന്നത്. ലാല്‍ സ്റ്റോറിലെ പ്രൊഡക്ടുകളിലൂടെ അദ്ദേഹത്തിന്റെ പേരില്‍ പല മേഖലയില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുക സമാഹരിക്കാനാണ് ആലോചിക്കുന്നതെന്നും സജീവ് സോമന് പറഞ്ഞു.
ദ കംപ്ലീറ്റ് ആക്ടര്‍ എന്ന വെബ്സൈറ്റ് നവീകരിച്ച് പുതിയ പതിപ്പ് ലോഞ്ച് ചെയ്തത് ഈ വര്‍ഷം ആദ്യമാണ്. മോഹന്‍ലാലിന്റെ സാന്നിധ്യത്തില്‍ ജഗതി ശ്രീകുമാറാണ് ദ കംപ്ലീറ്റ് ആക്ടര്‍ ഡോട്ട് കോം നവീകരിച്ച വെബ് സൈറ്റ് പ്രകാശനം ചെയ്തത്. അനുഭവങ്ങളില്‍ നിന്നറിഞ്ഞ നല്ല കാര്യങ്ങള്‍ പുതുതലമുറയ്ക്കു കൈമാറാനും സാമൂഹികവിഷയങ്ങളിലെ തന്റെ നിലപാടുകള്‍ വ്യക്തമാക്കാനും വെബ്സൈറ്റ് കൂടുതല്‍ പ്രയോജനപ്പെടുത്തുമെന്നു മോഹന്‍ലാല്‍ പറഞ്ഞിരുന്നു. നൂതനസാങ്കേതികവിദ്യകളുടെ സഹായത്തോടെ വെബ്സൈറ്റില്‍ നിരവധി പുതിയ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ സ്വകാര്യശേഖരത്തില്‍ നിന്നുള്ള ചിത്രങ്ങള്‍, കലാസൃഷ്ടികള്‍, പെയിന്റിങ്ങുകള്‍ എന്നിവയും ടെറിട്ടോറിയല്‍ ആര്‍മിയിലെ തൊഴിലവസരങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ലഭ്യമാണ്. മോഹന്‍ലാലിന്റെ ബ്ലോഗ് പ്രസിദ്ധപ്പെടുത്തുന്നതും ഈ വെബ്സൈറ്റിലാണ്.
Discussion about this post