റാഞ്ചി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ. മൂന്നാം ദിവസം കളി അവസാനിക്കുന്പോള്‍ 130 ഒാവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സ് നേടി. ചേതേശ്വര്‍ പൂജാര 328 ബോളില്‍ 130 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 218 പന്തില്‍നിന്ന് 14 ഫോറുകളുടെ അകമ്പടിയോടെയാണ് പൂജാര സെഞ്ചുറിയിലെത്തിയത്. പൂജാരയുടെ 11-ാം ടെസ്റ്റ് സെഞ്ചുറിയാണിത്.
നേരത്തെ ക്ഷമയോടെ ബാറ്റ് വീശിയ മുരളി വിജയ് 82 റണ്‍സുമായി പുറത്തായി. തോളിനേറ്റ പരുക്ക് അവഗണിച്ച് പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ കോഹ്ലിക്ക് പക്ഷെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. 23 പന്തില്‍ വെറും ആറു റണ്‍സുമായി കോഹ്ലിയും മടങ്ങി.
183 പന്തില്‍നിന്ന് പത്ത് ബൗണ്ടറികളും ഒരു സിക്സും ഉള്‍പ്പെടുന്നതാണ് വിജയുടെ 82 റണ്‍സ്. ഒക്കീഫി എറിഞ്ഞ ഒാവറില്‍ അനാവശ്യമായ ഷോട്ടിന് ശ്രമിച്ചാണ് മുരളി വിജയിയുടെ പുറത്താകല്‍. നേരത്തെ, ഒരു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ചത്. 67 റണ്‍സെടുത്ത രാഹുലാണ് ഇന്നലെ പുറത്തായത്. സ്റ്റീവ് സ്മിത്തിന്റെയും (178), ഗ്ലെന്‍ മാക്സ്വെലിന്റെയും (104) സെഞ്ചുറി മികവില്‍ 451 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്. ഈ പരമ്പരയില്‍ രണ്ടാം സെഞ്ചുറി കണ്ടെത്തിയ സ്മിത്ത് 361 പന്തുകള്‍ നേരിട്ടു. 17 ബൗണ്ടറി നേടി. 185 പന്തുകള്‍ നേരിട്ട മാക്സ്വെല്‍ ഒന്‍പതു ബൗണ്ടറിയും രണ്ടു സിക്സറും സഹിതമാണു 104 റണ്‍സെടുത്തത്. 331 റണ്‍സില്‍ മാക്സ്വെലും 395 റണ്‍സില്‍ മാത്യു വെയ്ഡും (37) പുറത്തായതിനു ശേഷം ഓസീസ് ഇന്നിങ്സ് അതിവേഗം അവസാനിച്ചു. അവസാന അഞ്ചു വിക്കറ്റുകള്‍ നഷ്ടമായതു വെറും 56 റണ്‍സിന്റെ ഇടവേളയില്‍.
വിക്കറ്റ് ബോളര്‍ക്കു തീര്‍ത്തും അനുകൂലമല്ലാതിരുന്നിട്ടും ജഡേജ നടത്തിയതു ടോപ്ക്ലാസ് പ്രകടനമാണ്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജഡേജയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. അപ്രതീക്ഷിത ബൗണ്‍സും ടേണും ജഡേജ കണ്ടെത്തി. ഉമേഷ് യാദവ് മൂന്നു വിക്കറ്റും അശ്വിന്‍ ഒരു വിക്കറ്റും നേടി. നാലു മല്‍സരങ്ങളുള്ള ടെസ്റ്റ് പരമ്ബരയില്‍ ഇരു ടീമുകളും ഒാരോ മല്‍സരം വീതം ജയിച്ചിട്ടുണ്ട്.
Discussion about this post