അഹമ്മദാബാദ് :ദേശീയ താല്പര്യം ബലികഴിച്ച് കശ്മീരില്‍ പിഡിപിയുമായുള്ള സഖ്യം തുടരില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ‘കശ്മീരിലെ പ്രശ്നങ്ങള്‍’ പരിഹരിക്കാനായില്ലെങ്കില്‍ ബിജെപി സഖ്യം വിടുമെന്നും അമിത് ഷാ പറഞ്ഞു.
ശിവഭഗവാനെ പോലെ രാജ്യത്തെ ജനങ്ങള്‍ ഞങ്ങളെ അനുഗ്രഹിച്ചിരിക്കുകയാണ്. വലിയ ഉത്തരവാദിത്തമാണ് അവരോട് ഉള്ളത്. കശ്മീരില്‍ അധികാരത്തില്‍ തുടരാന്‍ ഒരിക്കലും ദേശീയ താല്പര്യങ്ങള് ബലികഴിക്കില്ല- അമിത് ഷാ പറഞ്ഞു.
കശ്മീര്‍ പ്രശനങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി മാത്രമാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്ന് ബിജെപിയ്ക്ക് ഉറച്ച വിശ്വാസമുണ്ട്. ഇത് സാധ്യമായില്ലെങ്കില്‍ സഖ്യം വിടുന്നതില്‍ നിന്ന് പാര്‍ട്ടിയെ തടയാന്‍ ആര്‍ക്കുമാവില്ല. നാരന്‍പുരയില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അമിത് ഷാ.
വിഘടനവാദി നേതാക്കളെ ജയിലില്‍ നിന്ന് മോചിപ്പിച്ചതുമായി ബന്ധപ്പെട്ട് ബിജെപിയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു, സര്‍ക്കാര്‍ നടപടിയ്ക്കെതിരെ ബിജെപി ശക്തമായി രംഗത്തെത്തുകയും ചെയ്തു. ഇത്തരം കാര്യങ്ങള്‍ ബിജെപിയോട് കൂടി ആലോചിച്ചശേഷമേ ഇനി തീരുമാനമെടുക്കു എന്ന് മുഖ്യമന്ത്രി മുഫ്ത്തി മുഹമ്മദ് സെയ്ദ് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
Discussion about this post