ഡല്‍ഹി: അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനെ അനുകൂലിക്കുന്നുവെന്ന് പ്രശസ്ത എഴുത്തുകാരന് ചേതന്‍ ഭഗത്. ക്ഷേത്രം പണിയാന്‍ രാജ്യത്തെ മുസ്ലീം സമൂഹം അനുമതി നല്‍കണമെന്നും അദ്ദേഹം പറയുന്നു. ക്ഷേത്രത്തിനായി ഉയരുന്ന ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് ഇംഗ്ലീഷ് മാധ്യമങ്ങളും ബുദ്ധിജീവികളെന്ന് അവകാശപ്പെടുന്നവരും ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചേതന്‍ ഭഗത് തന്റെ ബ്ലോഗിലൂടെയാണ് ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
ശ്രീരാമന് ജനിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന അയോദ്ധ്യ ഹിന്ദുമത വിശ്വാസികളുടെ പുണ്യ സ്ഥലമാണ്. അതുകൊണ്ടുതന്നെ അവിടെ രാമക്ഷേത്രം പണിയേണ്ടത് ഹിന്ദു ജനതയുടെ ആവശ്യമാണ്. നിലവില്‍ പള്ളി നില്‍ക്കുന്നിടത്ത് മുന്‍പ് രാമ ക്ഷേത്രം ഉണ്ടായിരുന്നതിനുള്ള ശാസ്ത്രീയമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ക്ഷേത്രം പണിയാന്‍ രാജ്യത്തെ മുസ്ലീം സമൂഹം അനുമതി നല്‍കണം. മുഗള്‍ കാലത്ത് നിരവധി ക്ഷേത്രങ്ങള്‍ തകര്‍ത്ത് പള്ളികളാക്കിയിട്ടുണ്ട്. അതൊന്നും ആരും തിരിച്ചു വേണമെന്ന് ആവശ്യപ്പെടുന്നില്ല. അതേസമയം ഹിന്ദുക്കള്‍ക്ക് വൈകാരികമായി ബന്ധമുള്ളതാണ് രാമന്റെ ജന്മസ്ഥലം. അതുകൊണ്ട് തന്നെ അവിടെ ക്ഷേത്രമാണ് ഉണ്ടാകേണ്ടതെന്നും ബ്ലോഗില്‍ ചേതന്‍ പറയുന്നു.
ക്ഷേത്രത്തിന്റെ സമീപത്തുതന്നെ പള്ളിയും പണിത്, ഇന്ത്യയിലെ രണ്ട് സമൂഹങ്ങള്‍ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കണമെന്നും ചേതന്‍ ബ്ലോഗില്‍ കുറിച്ചു. ഹൈന്ദവ സംസ്കാരവുമായി ബന്ധപ്പെട്ട എന്തിനെയും വിമര്‍ശിക്കുന്ന സമീപനമാണ് രാജ്യത്തെ ബുദ്ധിജീവികള്‍ സ്വീകരിക്കുന്നതെന്നും ചേതന്‍ കുറ്റപ്പെടുത്തി.
Discussion about this post