തൃശ്ശൂര്‍: പൊലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ കുടുംബത്തിനെതിരെ ബലപ്രയോഗം നടത്തിയ പൊലീസുകാരനെ സംരക്ഷിക്കുമെന്ന് പരോക്ഷമായി സൂചിപ്പിച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്. പൊലീസിനെതിരായ വക്രബുദ്ധിക്കാരുടെ പ്രചാരണത്തില്‍ വീഴില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെറ്റു ചെയ്യാത്തവരെ ആരെല്ലാം വളഞ്ഞിട്ട് ആക്രമിച്ചാലും സംരക്ഷിക്കും. എല്ലാ കാര്യത്തിലും നീതിയുടെ പക്ഷത്ത് നില്ക്കുന്ന പൊലീസിനെയാണ് ആവശ്യം. അത്തരത്തിലുള്ള സേന അംഗങ്ങളാവുകയെന്നാണ് ഓരോരുത്തരും ലക്ഷ്യമിടേണ്ടത്. ജനങ്ങളുടെ ജീവിതത്തിന് ഭംഗം വരുത്തുന്ന ഗുണ്ടാ, മാഫിയ സംഘങ്ങളെ മാഫിയ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണം.തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്ഐമാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മാര്‍ത്ഥയും സാഹാനുഭൂതിയും ആര്‍ദ്രതതയും നിയമവാഴ്ച്ചയോടുള്ള ആദരവും അച്ചടക്കവും കൈമുതലാക്കിയുള്ള പ്രവര്‍ത്തനമാണ് പൊലീസില്‍ നിന്നും പ്രതീക്ഷിക്കുന്നത്. പെരുമാറ്റത്തില്‍ വിനയവും നിയമം നടപ്പാക്കുന്നതില്‍ കാര്‍ക്കശ്യവും കാത്തുസൂക്ഷിക്കുന്ന ദൃഢനിശ്ചയവും ഉറപ്പിച്ചുവേണം പ്രവര്‍ത്തിക്കേണ്ടതെന്നും എസ്ഐഎമാരോട് മുഖ്യമന്ത്രി പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ അതിക്രമത്തില്‍ പൊലീസിനെ ന്യായീകരിച്ചാണ് മുഖ്യമന്ത്രി നേരത്തേയും പ്രതികരിച്ചിരുന്നത്. പൊലീസ് ആസ്ഥാനത്ത് പ്രതിഷേധത്തിന് എത്തിയവരുടെ സംഘത്തില്‍ ബന്ധുക്കള്‍ അല്ലാത്ത ചിലര്‍ മഹിജയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. അതില്‍ ബിജെപിക്കാരായ ചിലര്‍ ഉണ്ടായിരുന്നു. തോക്കുസ്വാമി എന്ന പേരിലൊക്കെ അറിയപ്പെടുന്ന വേറെ ചിലര്‍. അങ്ങനെ കൂട്ടത്തില്‍ കയറിയ ചിലരാണ് പ്രശ്നം ഉണ്ടാക്കിയതെന്നായിരുന്നു സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം.
പൊലീസ് ആസ്ഥാനത്ത് സാധാരണ ആരും സമരം ചെയ്യാറില്ല. പുറത്തുനിന്നെത്തിയവര്‍ ബഹളം ഉണ്ടാക്കിയപ്പോള്‍ ജിഷ്ണുവിന്റെ അമ്മയെ അവിടെ കിടക്കുന്ന നിലയിലാണ് കണ്ടത്. അവരെ കൊണ്ടുപോയി പൊലീസ് ചികിത്സ നല്‍കുകയാണ് ചെയ്തത്. പ്രശ്നക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Discussion about this post