മലയാള സിനിമാ ആരാധകര്‍ക്ക് ദൃശ്യ കാഴ്ചയൊരുങ്ങുന്നു. മലയാള സിനിമയെ വിസ്മയിപ്പിക്കാന് അഞ്ച് വന്‍ പ്രോജക്ടുകളുമായാണ് മോഹന്‍ലാല്‍-ആന്റണി പെരുമ്പാവൂര്‍ ടീം വരുന്നത്. അതില്‍ എല്ലാം പ്രേക്ഷകര്‍ കാത്തിരിക്കുന്ന മാസ് ചിത്രങ്ങളാണ് എന്നതാണ് പ്രധാന ആകര്‍ഷണം. ലാല്‍ ആരാധകരായ പ്രേക്ഷകരുടെ മനസ്സറിഞ്ഞുകൊണ്ടാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ യാത്ര. അതെല്ലാം ആവര്‍ത്തിക്കാത്ത കൂട്ടുകെട്ടുകളായിരുന്നു എന്നത് മറ്റൊരു രസം.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനം പുരോഗമിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷാരംഭത്തില്‍ തുടങ്ങാനാണ് പ്ലാന്‍. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ചിത്രത്തിന്റെ ശില്പികള് നടത്തി.
മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, പ്രകാശ് രാജ് എന്നിവര്‍ ഒന്നിക്കുന്ന നാടോടിക്കഥയും മിത്തും സമന്വയിപ്പിക്കുന്ന ഫാന്റസി ചിത്രം ‘ഒടിയന്’ ആണ് ആശിര്‍വാദ് സിനിമാസിന്റെ മറ്റൊരു പ്രധാന ചിത്രം. ഈ ചിത്രത്തിന്റെ ഷൂട്ടിങ് മേയില്‍ തുടങ്ങും. പരസ്യചിത്ര സംവിധായകന് ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പീറ്റര്‍ ഹെയിനാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റര്‍. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ഈ ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ദേശീയ പുരസ്കാര ജേതാവായ ഹരികൃഷ്ണന്റെതാണ് രചന. വിഷ്വല്‍ ഇഫക്ടിന് ഏറെ പ്രാധാന്യമുള്ള ചിത്രമായിരിക്കുമിത്. പുലിമുരുകന്റെ ഛായാഗ്രാഹകനായ ഷാജിയാണ് ഈ ചിത്രത്തിന്റെ ക്യാമറാമാന്. ബാഹുബലിയുടെ സൗണ്ട് ഡിസൈനര്‍ സതീഷും പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിളും എത്തും. എം. ജയചന്ദ്രന്റേതാണ് സംഗീതം.
മേയ് അവസാനമാണ് മോഹന്‍ലാലിന്റെ മകന് പ്രണവ് നായകനായെത്തുന്ന ജീത്തു ജോസഫ് സിനിമയും ചിത്രീകരണത്തിനായി ഒരുങ്ങുന്നത്. അച്ഛന്റെയും മകന്റെയും സിനിമകള്‍ ഒരേസമയം ചിത്രീകരിക്കുന്നത് തികച്ചും യാദൃച്ഛികം. ആന്റണി പെരുമ്പാവൂരാണ് ആ നിര്‍മാണ ദൗത്യവും ഏറ്റെടുത്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ താരനിര്‍ണയം പുരോഗമിക്കുകയാണ്.
മോഹന്‍ലാല്‍-ലാല്‍ ജോസ് ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ അണിയറ ജോലികള്‍ പുരോഗമിക്കുകയാണ്. ബെന്നി പി. നായരമ്ബലമാണ് തിരക്കഥ ഒരുക്കുന്നത്. ഇതുവരെ പേരിടാത്ത ചിത്രത്തില്‍ കോളേജ് പ്രിന്‍സിപ്പലായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. നര്‍മ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു ലാല്‍ജോസ് ചിത്രമായിരിക്കുമിത്.
പ്രേക്ഷകര്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ഒരു കൂട്ടുകെട്ടുകൂടി ആന്റണി പെരുമ്പാവൂരിന്റെ സ്വപ്നമായുണ്ട്. നടന് എന്ന നിലയില്‍ സജീവമായ തിരക്കഥാകൃത്ത് രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം. മോഹന്‍ലാല്‍-രണ്‍ജി പണിക്കര്‍-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുക്കുന്ന ചിത്രവും പ്രേക്ഷകരെ ഇളക്കിമറിക്കുമെന്ന് പ്രതീക്ഷിക്കാം.
”ഇതെല്ലാം ആശീര്‍വാദ് സിനിമയുടെ പുതിയ പ്രതീക്ഷകളാണ്. ഇവ യാഥാര്‍ഥ്യമാക്കാന്‍ കൂട്ടായി പരിശ്രമിക്കുകതന്നെ ചെയ്യും” ആന്റണി പെരുമ്പാവൂര്‍ പറയുന്നു.
Discussion about this post