തിരുവനന്തപുരം: ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് നീതി നിഷേധമുണ്ടായെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മാവന് കെ.കെ. ശ്രീജിത്ത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ അതിയായ വിഷയമുണ്ട്. നിരാഹാര സമരം ഇടതു സാര്‍ക്കാറിനോ പാര്‍ട്ടിക്കോ എതിരല്ലായിരുന്നു. ഇക്കാര്യം പാര്‍ട്ടിയോട് വിശദീകരിക്കുമെന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടി, സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കെ.കെ. ശ്രീജിത്തിനെ സി.പി.എമ്മില്‍ നിന്ന് തിങ്കളാഴ്ച പുറത്താക്കിയിരുന്നു. വണ്ണാര്‍കണ്ടി ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ശ്രീജിത്തിനെ വളയം ലോക്കല്‍ കമ്മിറ്റിയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് ചേര്‍ന്ന ബ്രാഞ്ച് യോഗമാണ് പുറത്താക്കാന്‍ തീരുമാനിച്ചത്. നടപടിക്ക് ലോക്കല്‍ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
നാദാപുരം ഏരിയ കമ്മിറ്റി കൂടി പുറത്താക്കല്‍ നടപടി ശരിവെക്കേണ്ടതുണ്ട്. ഒരു വിശദീകരണവും തേടാതെയാണ് പാര്‍ട്ടി ശ്രീജിത്തിനെ പുറത്താക്കാന്‍ നടപടിയെടുത്തത്. പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Discussion about this post