മുംബൈ: 2008-ലെ മാലേഗാവ് സ്ഫോടനക്കേസില്‍ സാധ്വി പ്രജ്ഞാസിംഗ് ഠാക്കൂറിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യത്തുകയായി അഞ്ചു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കോടതി പറഞ്ഞു. എന്നാല്‍ കേസിലുള്‍പ്പെട്ട ലഫ്. കേണല്‍ പ്രസാദ് പുരോഹിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ മറ്റു പ്രതികള്‍ക്ക് ആര്‍ക്കും ജാമ്യം ലഭിച്ചിട്ടില്ല.
ഒമ്പതു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് സാധ്വിക്ക് ജാമ്യം ലഭിക്കുന്നത്. നേരത്തെ, ദേശീയ അന്വേഷണ ഏജന്‍സി സാധ്വിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. കടുത്ത വകുപ്പുകളുള്ള മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിന്റെ(മക്കോക്ക) കീഴില്‍ പ്രതികളെ വിചാരണ ചെയ്യരുതെന്നും എഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.
2008-ലാണ് മഹാരാഷ്ട്രയിലെ മാലേഗാവില്‍ രണ്ടു സ്ഫോടനങ്ങളില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടെ റംസാന് നാളില്‍ പ്രാര്‍ഥന കഴിഞ്ഞിറങ്ങുന്നവര്ക്കിടയിലാണ് സ്ഫോടനങ്ങളുണ്ടായത്. ആദ്യം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ടത് ഒരു സംഘം മുസ്ലിം യുവാക്കളായിരുന്നു. പിന്നീട് മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധ സ്ക്വാഡ്(എടിഎസ്) അന്വേഷണം ഏറ്റെടുത്തതോടെ ദിശമാറുകയായിരുന്നു.
Discussion about this post