സ്വിറ്റ്സര്‍ലന്റ് : ആണവായുധങ്ങള്‍ വികസിപ്പിക്കില്ലെന്ന കരാറില്‍ ഇറാനെ ഒപ്പുവെയ്പ്പിക്കാനുള്ള അമേരിക്കന്‍ നീക്കങ്ങള്‍ക്കെതിരെ ഇറാന് ആത്മീയ നേതാവ് ആയതുള്ള ഖൊമെയ്നി രംഗത്തെത്തി. അമേരിക്കയെ വിശ്വാസമില്ലെന്നും കരാറിന്റെ കാര്യത്തില്‍ അമേരിക്കയുടെ ഭീഷണികള്‍ അംഗീകരിക്കില്ലെന്നും ഖൊമെയ്നി പറഞ്ഞു. ഇത് ഇറാനുമായി ആണവ കരാറിലെത്താനുള്ള അമേരിക്കന്‍ നീക്കങ്ങള്‍ക്ക് വലിയ പ്രതിസന്ധിയായി.
അമേരിക്കയുടെ നീക്കങ്ങളില്‍ അവിശ്വാസം പ്രകടിപ്പിച്ച ആയത്തുള്ള ഖൊമെയ്നി കരാറിന്റെ കാര്യത്തില്‍ ഭയപ്പെടുത്തലുകളും സമ്മര്‍ദങ്ങളും വിലപ്പോവില്ലെന്നും വ്യക്തമാക്കി. ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്കയെ ഇടപെടാന്‍ അനുവദിക്കില്ല. ആണവകരാറിന്റെ കാര്യത്തില്‍ നയതന്ത്രതലത്തിലുള്ള ചര്‍ച്ചകള്‍ മാത്രമേ അംഗീകരിക്കൂവെന്നും ഖൊമെയ്നി വ്യക്തമാക്കി. അതേസമയം അന്തിമ കരാറില്‍ ഉടന്‍ എത്താനാകുമെന്ന് പ്രസിഡന്റ് ഹബസന് റൂഹാനിയും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇറാന്റെ പരമോന്നത നേതാവായ ഖൊമെയ്നിയുടെ എതിര്‍പ്പ് മറികടന്ന് മുന്നോട്ട് പോവുക ബുദ്ധിമുട്ടാകും.
ആണവശേഷിയില്‍ മുന്നില്‍ നില്ക്കുന്ന ഇറാന് ആണവായുധം വികസിപ്പിക്കില്ലെന്ന് ഉറപ്പാക്കുന്ന വിധം കരാര്‍ രൂപീകരിക്കുന്നതിന് വേണ്ടിയാണ് അമേരിക്കയുടെ നേതൃത്വത്തില്‍ സ്വിറ്റ്സര്‍ലന്റിലെ ലൂസന്നയില് ഇറാനുമായി നടക്കുന്ന ചര്‍ച്ചകള്‍. മാര്‍ച്ച് അവസാനത്തോടെ അന്തിമ ധാരണയും ജൂലെ മാസത്തോടെ ശാശ്വതമായ കരാറുമാണ് ലക്ഷ്യം. പകരം ഇറാനു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ പിന്‍വലിക്കാമെന്നാണ് ഇറാന് നല്‍കിയിരിക്കുന്ന വാഗ്ദാനം .
Discussion about this post