ചെന്നൈ: തമിഴ് സൂപ്പര്‍താരം രജനീകാന്ത് ജൂലൈയിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചേക്കും. രജനീകാന്തിന്റെ സഹോദരൻ സത്യനാരായണ റാവു ഗെയ്ക്വാദിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും പാർട്ടി പ്രഖ്യാപിക്കുന്നതിനു മുന്‍പ് പരമാവധി ആരാധകരുമായി സംവദിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും രജനിയുടെ സഹോദരൻ പറഞ്ഞു.
തമിഴ് സൂപ്പർതാരമായ രജനീകാന്ത് രാഷ്ട്രീയത്തിലേക്കു വരുമെന്ന അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട് രണ്ടുപതിറ്റാണ്ടിലേറെയായി. ഒട്ടുമിക്ക കക്ഷികളും അദ്ദേഹത്തെ ഒപ്പംചേർക്കാൻ പരസ്യമായി സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും വ്യക്തമായ മറുപടി നൽകാൻ രജനി വിസമ്മതിച്ചു.
എന്നാൽ അടുത്തിടെ ഒരു യുദ്ധത്തിനു സജ്ജരാകാൻ രജനീകാന്ത് ആരാധകരോട് ആഹ്വാനം ചെയ്തിരുന്നു. വ്യവസ്ഥിതി ദുഷിച്ചെന്നും അതിനുമാറ്റം വരുത്തണമെന്നും ആരാധകരുമായുള്ള ഒരാഴ്ച നീണ്ട കൂടിക്കാഴ്ചയും സംവാദവും അവസാനിപ്പിച്ചുകൊണ്ട് രജനീകാന്ത് പറഞ്ഞത് മാറ്റത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
Discussion about this post