ലണ്ടന്‍: ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി അനില്‍ കുംബ്ലെയുടെ കാലാവധി നീട്ടാന്‍ സാധ്യത. വിന്‍ഡീസിനെതിരായ പരമ്പര വരെയെങ്കിലും കുംബ്ലെ ഇന്ത്യയുടെ പരിശീലകനായി തുടരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഗാംഗുലിയും ലക്ഷ്മണും സച്ചിനുമടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതി പരിശീലകനെ തീരുമാനിക്കുന്ന കാര്യത്തില്‍ ബി.സി.സി.ഐയോട് കൂടുതല്‍ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്.
ഇത് സംബന്ധിച്ച് വ്യാഴാഴ്ച്ച രാത്രി ഉപപദേശക സമിതി ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്രിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രണ്ടു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചക്കൊടുവില്‍ കുംബ്ലെയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയാണ് സമിതി ചെയ്തത്. പിന്നീട് കുംബ്ലെയുമായി കോഹ്‌ലിയുമായും സമിതിയിലെ അംഗങ്ങള്‍ കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.
”കുംബ്ലെക്ക് കുറച്ചു കൂടി സമയം നല്‍കാനാണ് ഉപദേശക സമിതിയുടെ തീരുമാനം. നിന്ദിക്കുന്ന രീതിയില്‍ കുംബ്ലെയെ പുറത്താക്കാന്‍ ഉദ്ദേശിക്കുന്നില്ല. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം വിന്‍ഡീസിലേക്ക് ഇന്ത്യന്‍ ടീമിനൊപ്പം കുംബ്ലെയും പോകും. വിന്‍ഡീസിനെതിരെ ചെറിയ പരമ്പരയായതിനാല്‍ തന്നെ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകില്ല. കുറച്ചു ദിവസം കൂടി ക്ഷമിക്കാന്‍ കോഹ്‌ലിയോട് പറഞ്ഞിട്ടുണ്ട്” ബി.സി.സി.ഐയോട് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. കോഹ്‌ലിയും കുംബ്ലെയും വിട്ടുവീഴ്ച്ചക്ക് തയ്യാറാണെങ്കില്‍ ടീമിനെ സംബന്ധിച്ചിടത്തോളം അതിലേറെ ഗുണകരമായി മറ്റൊന്നും സംഭവിക്കാനില്ലെന്നുമാണ് ഉപദേശക സമിതിയുടെ വിലയിരുത്തല്‍.
Discussion about this post