കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ്, സംവിധായകന് നാദിര്‍ഷാ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും ആവശ്യമെങ്കില്‍ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്ന് കേസ് അന്വേഷിക്കുന്ന ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ് അറിയിച്ചു
ആലുവ പോലീസ് ക്ലബില്‍ 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ആക്രമണത്തിന് ഇരയായ നടിയുമായി ഇപ്പോള്‍ സൗഹൃദമില്ലെന്ന് ദിലീപ് സമ്മതിച്ചു. നടിയുമായി അകലാനുള്ള കാരണങ്ങളും പോലീസുകാര്‍ താരത്തില്‍ നിന്ന് ചോദിച്ചറിഞ്ഞു. ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളെക്കുറിച്ചും പോലീസ് ചോദിച്ചതായാണ് വിവരം.
ദിലീപിന്റെ ഏതെങ്കിലും സിനിമയുടെ സെറ്റില്‍ പള്‍സര്‍ സുനി വന്നിരുന്നോ, പള്‍സര്‍ സുനിയുമായി എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ വിവരങ്ങളെല്ലാം പോലീസ് ചോദിച്ചു. പള്‍സറിനെ അറിയില്ല എന്ന മറുപടിയാണ് ദിലീപ് ചോദ്യം ചെയ്യലില്‍ നല്‍കിയത്.
നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയും അതോടൊപ്പം തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചതായ ദിലീപിന്റെ പരാതിയും ചേര്‍ത്താണ് പോലീസ് ചോദ്യം ചെയ്തത്. മൂന്നു പേരെയും ഒരുമിച്ചിരുത്തിയും വെവ്വേറെ മുറികളിലുമായും ചോദ്യം ചെയ്തു. ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടോ എന്നും പരിശോധിക്കുന്നതിന്റെ ഭാഗമായി മൊഴികള്‍ പോലീസ് ഇന്ന് ഒത്തുനോക്കും.
അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ദിലീപ് ചോദ്യം ചെയ്യലിന് ശേഷം പ്രതികരിക്കുകയുണ്ടായി.
Discussion about this post