കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സര്‍ സുനിക്കെതിരെ മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോയ കേസിലും അന്വേഷണം നടത്തുമെന്ന് പൊലീസ്. അഞ്ചു വര്‍ഷം മുമ്പാണ് മലയാള സിനിമയിലെ തന്നെ മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോയ സംഭവം.
ഇത് സംബന്ധിച്ച് പൊലീസിന് ലഭിച്ച പരാതിയില്‍ അന്ന് കേസെടുത്തിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ കേസിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വെളിപ്പെട്ട സാഹചര്യത്തിലാണ് പഴയ കേസും അന്വേഷിക്കുന്നത്.
മലയാള സിനിമയിലെ പ്രമുഖ നിര്‍മാതാവിന്റെ ഭാര്യയായ നടിയെ ഷൂട്ടിംഗ് സെറ്റില്‍ നിന്നും പള്‍സര്‍ സുനിയും സംഘവും തട്ടിക്കൊണ്ടു പോയതായി നിര്‍മാതാവ് തന്നെ വെളിപ്പെടുത്തിയിരുന്നു. ജോണി സാഗരികയുടെ ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു സംഭവം നടന്നത്.
എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഹോട്ടലില്‍ പോകാനായി സുനി ഓടിച്ച വണ്ടിയില്‍ കയറിയ നടിയെ ഹോട്ടലില്‍ വിടാതെ വട്ടം ചുറ്റിക്കുകയായിരുന്നു. നടി ഉടന്‍ തന്നെയും ആ സിനിമയിലെ മറ്റുള്ളവരെയും വിളിച്ചാണ് രക്ഷപ്പെട്ടത്. പൊലീസിന് ഇക്കാര്യത്തില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും നിര്‍മാതാവ് വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴത്തെ കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ ചില നടന്മാര്ക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഈ കേസും അന്വേഷിക്കുന്നത്. പഴയ കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാന്‍ അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള എ.ഡി.ജി.പി ബി.സന്ധ്യ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post