തൃശൂര്‍: താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡിയ്ക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ താരങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് സംസാരിച്ച വിഷയത്തില്‍ മാപ്പ് ചോദിച്ച് പ്രസിഡന്റ് ഇന്നസെന്റ്. അതിരു കടന്ന വികാര പ്രകടനമാണ് മുകേഷും ഗണേഷ് കുമാറും നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഇരുവരും നടത്തിയ പെരുമാറ്റം മോശമായിപ്പോയെന്ന് അദ്ദേഹം വ്യക്തമാക്കി. തൃശൂരില്‍ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
താന്‍ അമ്മ പ്രസിഡന്റ് സ്ഥാനം രാജി വെക്കുന്നുവെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ഇന്നസെന്റ് പ്രതികരിച്ചു. ചില കടമകള്‍ ചെയ്ത് തീര്‍ക്കേണ്ടതുണ്ടെന്നും ഇന്നസെന്റ് വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനോട് വ്യക്തിപരമായി വിശദീകരണം തേടിയിരുന്നു. തെറ്റുപറ്റിയിട്ടില്ലന്ന് ദിലീപ് പറഞ്ഞതായും ഇന്നസെന്റ് പറഞ്ഞു.
ഗണേഷ് തനിക്ക് അയച്ച കത്തില്‍ ഉന്നയിച്ച പ്രശ്നങ്ങളെല്ലാം പറഞ്ഞ് തീര്‍ത്തുകഴിഞ്ഞതാണ്. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ഗണേഷ് കത്തില്‍ പറഞ്ഞിട്ടില്ല. ഇന്നുവരെ അമ്മയില്‍ നിന്ന് ഇന്നസെന്റോ മറ്റുള്ളവരോ പൈസ എടുത്തുവെന്ന് ആരും പറഞ്ഞിട്ടില്ല. ജനപ്രതിനിധി എന്ന നിലയിലല്ല സംഘടനയിലെ ഒരു അംഗം എന്ന നിലയിലാണ് അമ്മയുടെ യോഗത്തില്‍ പങ്കെടുത്തത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ മാധ്യമപ്രവര്‍ത്തകര്‍ അമ്മയെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. സംഘടന ഇരയായ നടിക്കൊപ്പമാണ്. നടിയെ സംരക്ഷിച്ചില്ലെന്ന് പറയുന്നതില്‍ കാര്യമില്ല. ആ രാത്രി സംഘടനയുടെ ആള്‍ക്കാരാരും ഉണ്ടായിരുന്നില്ല. പിന്നീട് നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഡി.ജി.പി.യെയും വിളിച്ചിരുന്നു. കേസില്‍ സംഘടനയിലെ അംഗങ്ങള്‍ ആരെങ്കിലും ശിക്ഷിക്കപ്പെട്ടാല്‍ അപ്പോള്‍ വേണ്ട നടപടി കൈക്കൊള്ളും-ഇന്നസെന്റ് പറഞ്ഞു. അല്ലാതെ വെറുതെ ദിലീപിനെ അറസ്റ്റ് ചെയ്യണമെന്ന് പറയാന്‍ കഴിയില്ല.
സിനിമാക്കാര്‍ തങ്ങളോട് മോശമായി പെരുമാറിയെന്ന് നടികളാരും പരാതിപ്പെട്ടിട്ടില്ല. അതൊക്കെ പഴയ കാലമാണ്. ഇപ്പോള്‍ ആരെങ്കിലും മോശമായി പെരുമാറിയാല്‍ അവര്‍ മാധ്യമപ്രവര്‍ത്തകരെ വിവരം അറിയിക്കും. പിന്നെ ചില മോശം ആള്‍ക്കാര്‍ കിടക്ക പങ്കിട്ടെന്നു വരും-ഒരു ചോദ്യത്തിന് മറുപടിയായി ഇന്നസെന്റ് പറഞ്ഞു. അമ്മയില്‍ എന്നും രണ്ട് സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കാറുണ്ട്. അവരാരും എപ്പോഴും വരാറില്ലെന്ന് മാത്രം-ഇന്നസെന്റ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ ആരോപണങ്ങളെ കുറിച്ച് ദിലീപിനോട് ചോദിച്ചിരുന്നുവെന്ന് ഇന്നസെന്റ് പറഞ്ഞു. ദിലീപ് എല്ലാം നിഷേധിക്കുകയാണ് ചെയ്തത്. എടാ ദിലീപേ എന്തെങ്കിലും സത്യമുണ്ടോ എന്ന് ഇന്നലെ കൂടി ഞാന്‍ ചോദിച്ചിരുന്നു, ഇല്ല ചേട്ടാ ഒന്നുമില്ല എന്നാണ് ദിലീപ് മറുപടി പറഞ്ഞത് എന്ന് ഇന്നസെന്റ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണ് ഇന്നസെന്റ് ഇക്കാര്യം പറഞ്ഞത്.
മാധ്യമങ്ങളില്‍ നിരന്തരം ദിലീപിനെതിരെ വാര്‍ത്തകള്‍ വരുന്നത് കൊണ്ടാണ് താന്‍ ഇക്കാര്യം ചോദിച്ചതെന്നും ഇന്നസെന്റ് വിശദീകരിച്ചു.
Discussion about this post