നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യാനിരിക്കെ പ്രതികരണവുമായി ദിലീപ്. നിലവിലെ അന്വേഷണത്തില്‍ ആശങ്കയില്ലെന്നും ഒരു കേസിലും നിയമോപദേശം തേടിയിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കി. അറസ്റ്റ് മുന്നില്‍ കണ്ട് ദിലീപും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യത്തിനുള്ള സാധ്യത തേടിയതായും നിയമോപദേശം തേടിയതായും വാര്‍ത്തകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദിലീപ് ഒരു സ്വകാര്യ ചാനലിനോട് ഇതേക്കുറിച്ച് പ്രതികരിച്ചത്.
കഴിഞ്ഞ മാസം 28ന് ദിലീപിനെയും നാദിര്‍ഷയെയും 13 മണിക്കൂര്‍ ആലുവാ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്. 143 പേജുള്ള മൊഴിയാണ് ദിലീപില്‍ നിന്നും രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച രാംലീലയുടെ അവസാന വട്ട ഡബ്ബിംഗിലായിരുന്നു ദിലീപ്. ഈ മാസം ഏഴിന് റിലീസ് ചെയ്യാനിരുന്ന സിനിമ 21ലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച ഭാര്യ കാവ്യാ മാധവനൊപ്പം കൊടുങ്ങല്ലൂരില്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെത്തി ശത്രുസംഹാര പൂജ നടത്തിയതായും വാര്‍ത്തകള്‍ വന്നിരുന്നു.
Discussion about this post