ഹാംബുര്‍ഗ്: സിക്കിം അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമായിരിക്കെ ജര്‍മനിയില്‍ നടന്ന ബ്രിക്സ് (ബ്രസീല്‍, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) രാഷ്ട്രത്തലവന്മാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും പരസ്പരം പുകഴ്ത്തി.
സെപ്റ്റംബറില്‍ ചൈനയിലെ ഷിയാമെനില്‍ നടക്കുന്ന ഒമ്പതാം ബ്രിക്സ് ഉച്ചകോടിയെക്കുറിച്ച് ആലോചിക്കുന്നതിനായിരുന്നു, ജി-20 ഉച്ചകോടിക്കിടെ ചേര്‍ന്ന യോഗം.
ബ്രിക്സിന്റെ അധ്യക്ഷസ്ഥാനം വഹിക്കുന്നത് ചൈനയാണ്. ബ്രിക്സ് കൂട്ടായ്മയെ മുന്നോട്ടുനയിക്കുന്ന ചൈനയുടെ നേതൃത്വത്തെ മോദി പ്രശംസിച്ചു. ഭീകരതയോട് പോരാടുന്നതിനും ആഗോള സാമ്പത്തികവളര്‍ച്ച മെച്ചപ്പെടുത്തുന്നതിനും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മോദിക്കു പിന്നാലെ പ്രസംഗിച്ച ഷി, ഇന്ത്യ ബ്രിക്സിന്റെ അധ്യക്ഷപദവി വഹിച്ചിരുന്നപ്പോഴുണ്ടായ വളര്‍ച്ചയെ പ്രശംസിച്ചു. ഭീകരതയോടുള്ള ഇന്ത്യയുടെ കടുത്ത നിലപാടിനെ ഷി അഭിനന്ദിച്ചു. സാമ്പത്തിക, സാമൂഹിക മേഖലകളില്‍ ഇന്ത്യക്ക് വലിയ വിജയവും അദ്ദേഹം ആശംസിച്ചു.
ബ്രിക്സ് ഉച്ചകോടിക്ക് ഇന്ത്യയുടെ ആശംസയറിയിച്ച മോദി, എല്ലാ സഹകരണവും വാഗ്ദാനം ചെയ്തു. മോദിയും ഷിയും തമ്മില്‍ പ്രത്യേക കൂടിക്കാഴ്ച ഉണ്ടായില്ല.
Discussion about this post