തൃശൂര്‍: തൃശൂര്‍ പഴയന്നൂരില്‍ ദളിത് യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. കഴിഞ്ഞ ദിവസം രാത്രി പഴയന്നൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ എത്തിച്ച യുവതിക്ക് ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് വീട്ടിലേക്ക് പോകുന്ന വഴിയിലാണ് ഓട്ടോറിക്ഷയില്‍ പ്രസവിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് പഴയന്നൂര്‍ മാട്ടിന്‍മുകള്‍ മലയന്‍ ആദിവാസിക്കോളനിയിലെ സുകന്യ ഓട്ടോറിക്ഷയില്‍ പ്രസവിച്ചത്. പ്രസവ വേദനകൊണ്ടു പുളഞ്ഞ് പഴയന്നൂര്‍ ആശുപത്രിയിലെത്തിച്ച യുവതിയെ ഡോക്ടറില്ലെന്ന് പറഞ്ഞ് ചികിത്സ നല്‍കാതെ അധികൃതര്‍ മടക്കി അയച്ചു. മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ ആംബുലന്‍സും നല്‍കിയില്ല. യുവതിയെയും കൂട്ടി ഭര്‍ത്താവ് വീട്ടിലേക്ക് തിരിച്ചു പോകുന്ന വഴി ഓട്ടോറിക്ഷയില്‍ പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴയന്നൂര്‍ ഗവണ്മെന്റ് ആശുപത്രിയുടെ അനാസ്ഥക്കെതിരെ ഭര്‍ത്താവ് റിജേഷ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സംഭവം ശ്രദ്ധയില്‍പെട്ട തൃശൂര്‍ ഡിഎംഓ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം ചോദിച്ചു.
അതേസമയം ആശുപത്രി അധികാരികളുടെ അനാസ്ഥക്കെതിരെ ബി.ജെ.പി രംഗത്തെത്തി. അനാസ്ഥയെപ്പറ്റി കൃത്യമായി അന്വേഷണം നടത്തണമെന്നും ഉത്തരവാദികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
Discussion about this post