ഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ സംഘര്‍ഷാന്തരീക്ഷം അയവില്ലാതെ തുടരുന്നതിനിടെ ഇന്ത്യ യുദ്ധോപകരണങ്ങള്‍ സജ്ജമാക്കുന്നു.അടിയന്തരാവശ്യത്തിനുള്ള ആയുധങ്ങളും സാമഗ്രികളും വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം 40,000 കോടി രൂപ അനുവദിച്ചു. കരസേനയുടെ വൈസ് ചീഫിന് അടിയന്തര വാങ്ങലുകള്‍ക്കുള്ള അധികാരവും നല്കി. സൈന്യത്തിന്റെ ആയുധശേഖരം ആവശ്യമായതിലും വളരെ കുറവാണെന്നു കഴിഞ്ഞവര്‍ഷം കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ചൂണ്ടിക്കാട്ടിയിരുന്നു. ഉറി സൈനിക താവളത്തിലെ ഭീകരാക്രമണത്തിനു ശേഷം സൈന്യം നടത്തിയ വിലയിരുത്തലിലും ഇതുതന്നെ കണ്ടെത്തി.
46 ഇനം വെടിക്കോപ്പുകള്‍, പത്ത് ഇനം പോര് വാഹനങ്ങള്‍ക്കുവേണ്ട സ്പെയര്‍ പാര്‍ട്സുകള്‍, മൈനുകള്‍ തുടങ്ങിയവയിലെ കുറവ് വലുതായിരുന്നു. ഇതേത്തുടര്‍ന്നു മാസ്റ്റര്‍ ജനറല്‍ ഓര്ഡ്നന്സി(എംജിഒ)നെ ഈ മാര്‍ച്ച് 31 വരെ അടിയന്തര വാങ്ങലുകള്‍ക്കു ചുമതലപ്പെടുത്തി. ഈ അധികാരപ്പെടുത്തല്‍ നീട്ടിയിട്ടുണ്ട്. പുതിയ അധികാരപ്പെടുത്തല്‍ ചുവപ്പുനാട മറികടന്നു സാമഗ്രികള്‍ സംഭരിക്കാന്‍ സഹായിക്കും. പ്രതിരോധമന്ത്രി അധ്യക്ഷനായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലില്‍നിന്നുള്ള അനുമതിയും ആവശ്യമില്ല. പത്തു മുതല്‍ പതിനഞ്ചു വരെ ദിവസം നീളുന്ന തീവ്രയുദ്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയുംവിധം യുദ്ധോപകരണങ്ങള്‍ സജ്ജമാക്കാനാണു നിര്‍ദ്ദേശം. നാല്പതു ദിവസത്തെ യുദ്ധത്തിനുവേണ്ടത്ര സാമഗ്രികള്‍ വേണമെന്നാണു പഴയ വ്യവസ്ഥയെങ്കിലും അതിന്റെ പത്തിലൊന്നു സാമഗ്രികളേ ഉള്ളൂ എന്നു സിഎജി കണ്ടെത്തിയിരുന്നു.
ഇന്ത്യയുടെ കൈവശം 200 അണുബോംബുകള്ക്കു വേണ്ടത്ര പ്ലൂട്ടോണിയം ഉണ്ടെന്നാണു യുഎസ് വിദഗ്ദ്ധര്‍ എഴുതിയത്. എങ്കിലും 120-130 ബോംബുകളേ ഒരുക്കിയിട്ടുള്ളൂ എന്ന് അവര്‍ പറയുന്നു. ഈ അണ്വായുധങ്ങള്‍ ചൈനയിലെവിടെയും എത്തിക്കാവുന്ന മിസൈലാണു നിര്‍മ്മിക്കുന്നത്. 5000ലേറെ കിലോമീറ്റര്‍ പോകാവുന്ന അഗ്നി5 മിസൈലാണ് ഇന്ത്യ ഇതിനായി സജ്ജമാക്കുന്നത്. മൂന്നുഘട്ടങ്ങള് ഉള്ള, ഖര ഇന്ധനം ഉപയോഗിക്കുന്ന, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണിത്. കഴിഞ്ഞ ഡിസംബറില്‍ ഇതു പരീക്ഷിച്ചിരുന്നു.
അഗ്നി2, അഗ്നി4 എന്നിവയും ചൈനയെ ലക്ഷ്യമിട്ടുള്ളവയാണ്. പക്ഷേ, ഇവയൊക്കെ ഉത്തരേന്ത്യയില്‍ നിന്നു മാത്രമേ ചൈനയിലെത്തൂ. കൂടുതല്‍ സുരക്ഷിതമായ ദക്ഷിണേന്ത്യന്‍ വിക്ഷേപണ കേന്ദ്രങ്ങളില്‍ നിന്നു ബെയ്ജിംഗിലും ഷാങ്ഹായിയിലും എത്തുന്ന വിധമാണ് അഗ്നി5 വരിക.
Discussion about this post