തൃശൂർ: സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാർ തിങ്കളാഴ്ച ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു. മുഖ്യമന്ത്രി ചർച്ചയ്ക്ക് ക്ഷണിച്ച സാഹചര്യത്തിലാണ് തീരുമാനം. തൃശൂരിൽ ചേർന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ സംസ്ഥാന സമിതി യോഗത്തിലാണ് ഈ മാസം 19 വരെ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത്.
19ന് മുഖ്യമന്ത്രി വിളിച്ചു ചേർക്കുന്ന മദ്ധ്യസ്ഥ ചർച്ചകളിൽ പങ്കെടുക്കും. എന്നാൽ, ചർച്ചകളിൽ തീരുമാനം അനുകൂലമല്ലെങ്കിൽ പണിമുടക്കുമായി മുന്നോട്ട് പോവുമെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു. സെക്രട്ടേറിയറ്റിനു മുന്നിൽ 21ന് നടത്താനിരിക്കുന്ന സമരത്തിൽ നിന്നും തൽക്കാലം പിന്നോട്ടില്ല. 19ലെ ചർച്ചയ്ക്കു ശേഷമേ അക്കാര്യത്തിൽ തീരുമാനം ഉണ്ടാകുകയുള്ളൂയെന്നും യു.എൻ.എ നേതൃത്വം വ്യക്തമാക്കി.
സമരം മാറ്റിവച്ചാൽ ചർച്ചയാകാമെന്നു നഴ്സുമാരോട് സർക്കാർ ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. നേരത്തെ നഴ്സുമാർക്കെതിരെ എസ്മ പ്രയോഗിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചിരുന്നു.
Discussion about this post