കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന് ജാമ്യം നിഷേധിച്ചത് സമാനമനസ്കര്‍ക്കുള്ള മുന്നറിയിപ്പെന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി. ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശനിയാഴ്ചയാണ് ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി കോടതി തള്ളിയത്. പ്രതിക്കു ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന് വാദം കണക്കിലെടുത്തായിരുന്നു നടപടി.
കോടതിവിധിയുടെ വിശദാംശങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ നിസാരമായി കാണില്ലെന്ന് തിരിച്ചറിയണം. ദിലീപിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണ്. ജാമ്യത്തില്‍ വിട്ടാല്‍ പ്രതി തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നു ബോധ്യപ്പെട്ടതായും അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവില്‍ വിശദമാക്കുന്നു.
ഇരയായ നടിയുടെ സുരക്ഷാ പ്രശ്നവും പ്രോസിക്യൂഷന് ചൂണ്ടിക്കാണിച്ചിരുന്നു. കേസിന്റെ ഗൂഢാലോചനയില്‍ ആദ്യഘട്ടം മുതല്‍ പങ്കാളിയായ സഹായിയും ഡ്രൈവറുമായ അപ്പുണ്ണി കഴിഞ്ഞ തിങ്കളാഴ്ച ദിലീപ് അറസ്റ്റിലായ ശേഷം ഒളിവില്‍ പോയതും കുറ്റകൃത്യത്തില്‍ ദിലീപിന്റെ പങ്കാളിത്തം വെളിവാക്കുന്നതായി പ്രോസിക്യൂഷന് ബോധിപ്പിച്ചു. മുഖ്യപ്രതി പള്‍സര്‍ സുനി നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ദിലീപിനെ ഏല്പിക്കാന് കൈമാറിയ അഡ്വ.പ്രതീഷ് ചാക്കോയും ഇപ്പോള്‍ ഒളിവിലാണ്.
കൂട്ടമാനഭംഗക്കേസിലെ ഗൂഢാലോചനയെക്കുറിച്ചു പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ നേരിടുമ്പോള്‍ പോലും സ്വകാര്യ പബ്ലിക് റിലേഷന്‍സ് (പിആര്‍) സ്ഥാപനത്തിനു പണം നല്കി അന്വേഷണത്തെ വഴിതെറ്റിക്കാന്‍ നടത്തിയ നീക്കം പ്രതി ദിലീപിന്റെ സാമ്പത്തിക ശക്തിക്കും സ്വാധീനത്തിനും തെളിവായി പ്രോസിക്യൂഷന് കോടതി മുന്‍പാകെ അവതരിപ്പിച്ചു.
Discussion about this post