തിരുവനന്തപുരം: മെഡിക്കല്‍ കോളേജിന് അംഗീകാരം നല്‍കാനായി ചില നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ബിജെപി സംസ്താന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്. ഇത്തരമൊരു വാര്‍ത്ത എങ്ങനെ ഉണ്ടായി എന്നത് നാളെ ആലപ്പുഴയില്‍ ചേരുന്ന കോര്‍ കമ്മറ്റി യോഗം ചര്‍ച്ച ചെയ്യുമെന്ന് ശോഭാ സുരേന്ദ്രന് പറഞ്ഞു. ഇത്തരമൊരു റിപ്പോര്‍ട്ടിനെ കുറിച്ച് തനിക്ക് അറിയില്ല. ആരും ഇത്തരമൊരു കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. പിന്നെ എങ്ങനെ ഇത് വാര്‍ത്തയായി എന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
അഴിമതിക്കെതിരെ ശക്തമായ നടപടി എടുക്കുന്ന പാര്‍ട്ടിയാണ് ബിജെപി. അഴിമതിക്കാരായ ആരും പാര്‍ട്ടിയില്‍ ഉണ്ടാവില്ല. ഒളിക്കാന്‍ ഞങ്ങള്‍ക്ക് ഒന്നുമില്ല. പണം കൊടുത്തു എന്ന് പറയുന്ന ആളുടെ പ്രതികരണം എന്ത് കൊണ്ട് മാധ്യമങ്ങള്‍ പുറത്ത് കൊണ്ടു വരുന്നില്ല. ആര്‍ക്കാണ് പരാതിയുള്ളത്. പാര്‍ട്ടി സമിതി വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് വച്ചിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി കോര്‍ കമ്മറ്റിയാണ് ആദ്യം ചര്‍ച്ച ചെയ്യേണ്ടത്. പാര്‍ട്ടിയില്‍ തെറ്റ് ചെയ്തവര്‍ ഉണ്ടാവില്ല, നേതാക്കളെ ജനസമൂഹത്തിന് മുന്നില്‍ താഴ്തികെട്ടാന്‍ ആരെങ്കിലും ശ്രമിച്ചുവെങ്കില്‍ അതും നേരിടുമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. സംസ്ഥാന തല കമ്മിറ്റിയുടെ അന്വേഷണത്തിന് പുറമേ കേന്ദ്ര ഘടകവും സമാന്തരമായി അന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് സൂചന. സംസ്ഥാനത്തെ ഒരു പ്രമുഖ നേതാവിന്റെയും അടുത്ത അനുയായിയുടെയും ബാങ്ക് അക്കൗണ്ടുകളും കേന്ദ്ര നേതൃത്വം പരിശോധിച്ചുവെന്നാണ് സൂചന.
Discussion about this post