പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയെ അഡോള്‍ഫ് ഹിറ്റ്ലറായി ചിത്രീകരിച്ചുള്ള കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ വിവാദത്തില്‍. നിയമസഭയിലേക്ക് എംഎല്‍എമാരെ നാമനിര്‍ദ്ദേശം ചെയ്തതുമായി ബന്ധപ്പെട്ട വിഷയമാണ് കിരണ്‍ ബേദിക്കെതിരെ ഈ വിവാദ പോസ്റ്റര്‍ പതിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്.
നഗരത്തിന്റെ പല ഭാഗത്തും മുന്‍ ഐപിഎസ് ഓഫീസര്‍ കൂടിയായ കിരണ്‍ ബേദിയെ ഹിറ്റ്ലറായി ചിത്രീകരിച്ചു കൊണ്ടുള്ള പോസ്റ്റര്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. ഹിറ്റ്ലറിന്റെ തൊപ്പി ധരിച്ച് അദ്ദേഹത്തിന്റേതു പോലെയുള്ള മീശ മുഖത്ത് വരച്ചു വെച്ചാണ് പോസ്റ്റര്‍. ഈ ചിത്രം കിരണ്‍ ബേദിയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ബിജെപിയുടെ പുതുച്ചേരി അധ്യക്ഷന്‍ വി സ്വാമിനാഥന്, പാര്‍ട്ടി ട്രഷറര്‍ കെജി ശങ്കര്‍, എസ് ശെല്‍വഗണപതി എന്നീ മൂന്ന് ബിജെപി നേതാക്കളെയാണ് ജൂലൈ നാലിന് ലഫ്. ഗവര്‍ണറും കേന്ദ്രവും നിയമസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. ഇതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്.വിഷയം പുതുച്ചേരി സര്‍ക്കാറുമായി കൂടിയാലോചിച്ചിട്ടില്ലെന്നും ഏകപക്ഷീയമായ തീരുമാനമാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഡിഎംകെയുടേയും വിസികെയുടേയും ഇടത് മുന്നണിയുടേയും ഭാഗത്തു നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. ഹിറ്റലര്‍ എന്ന ഏകാധിപതിയെ പോലൊണ് ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയും കേന്ദ്രസര്‍ക്കാരും പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി അടക്കമുള്ള മുതിര്‍ന്ന നേതാക്കളാണ് പ്രതിഷേധം നയിക്കുന്നത്.
അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്ത് രീതി ജനാധിപത്യപരമല്ലെന്നും ഇതിന് ലഫ്. ഗവര്‍ണര്‍ വിശദീകരണം നല്‍കണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം. കിരണ്‍ ബേദിയെ തിരിച്ചു വിളിക്കാന്‍ കേന്ദ്രം തയ്യാറാവണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജൂലൈ ഏഴിനും എട്ടിനും പുതുച്ചേരിയില്‍ ബന്ദ് പ്രഖ്യാപിച്ച് പ്രതിഷേധം നടത്തിയിരുന്നു. പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാരും ലഫ്. ഗവര്‍ണറും തമ്മിലുള്ള ശീതയുദ്ധം ശക്തിപ്പെടുന്നുവെന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
Discussion about this post