ഡല്‍ഹി: ചൈനീസ് ഉല്പന്നങ്ങള്ക്ക് ആയുസ്സില്ലെന്ന് ഇന്ത്യയുടെ സൂപ്പര്‍ താരം വിജേന്ദര്‍ സിങ്ങ്. വിജേന്ദറിന്റെ ഈ പ്രസ്താവന ഇന്ത്യ-ചൈന പോര് അതിര്‍ത്തി കടന്നു ബോക്സിങ് റിങ്ങിലേക്കും വ്യാപിപ്പിച്ചു. വിജേന്ദര്‍ സിങ്ങും ചൈനീസ് താരം മെയ്മെയ് തിയാലിയും തമ്മില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ യുദ്ധത്തിനു മുന്നോടിയായാണ് ഇരുവരുടെയും വാക്പോരാട്ടം.
അതേസമയം വിജേന്ദറിന്റെ ആരോപണത്തിനു മറുപടിയുമായി മെയ്മെയ് രംഗത്തു വന്നു.
” ചൈനക്കാര്‍ക്ക് എന്തു കഴിയുമെന്ന് ഞാന്‍ വിജേന്ദറിനെ കാണിച്ചുകൊടുക്കാം. പല കാലങ്ങളില്‍ ചൈന അതു വ്യക്തമാക്കിയിട്ടുണ്ട്. ഇനി വിജേന്ദറിനെയും ഒരു പാഠം പഠിപ്പിക്കാം” പ്രകോപനപരമായ ഭാഷയില്‍ മെയ്മെയ്തിയാലി ആക്രോശിക്കുന്നു.
ഈ മാസം അഞ്ചിന് മുംബൈയിലാണ് ഏഷ്യന്‍ യുദ്ധമെന്നറിയപ്പെടുന്ന പോരാട്ടം. വേള്‍ഡ് ബോക്സിങ് ഓര്‍ഗനൈസേഷന്റെ ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാംപ്യനാണ് മെയ്മെയ്. വിജേന്ദറിനെ ആദ്യ റൗണ്ടില്‍ തന്നെ ഇടിച്ചിടാനുള്ള തയാറെടുപ്പുമായാണു താന്‍ വരുന്നതെന്നാണ് മെയ്മെയുടെ നിലപാട്.
പ്രഫഷനല്‍ കരിയറില്‍ രണ്ടാമത്തെ ബെല്‍റ്റ് തേടിയാണ് മെയ്മെയ് എത്തുന്നത്. താനൊരു കുട്ടിയാണെന്നാണ് വിജേന്ദര്‍ കരുതുന്നതെന്നും ഒരു കുട്ടിക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന് കാണിച്ചുതരാമെന്നും മെയ് വെല്ലുവിളിക്കുന്നു. വേള്‍ഡ് ബോക്സിങ് അസോസിയേഷന്റെ ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാംപ്യനാണ് വിജേന്ദര്‍ ഇപ്പോള്‍.
”എനിക്കുവേണ്ടി പ്രാര്‍ഥിക്കുക. ഞാന്‍ എന്റെ കഴിവിന്റെ 100 ശതമാനവും പുറത്തെടുക്കും. വിജയം എത്രയും പെട്ടെന്നു നേടാന്‍ ശ്രമിക്കും” – വിജേന്ദറിന്റെ വാക്കുകളിലുണ്ട് ആവോളം ആത്മവിശ്വാസം.
Discussion about this post