മെല്‍ബണ്‍: ഏകദിനക്രിക്കറ്റിന്റെ പുതിയ രാജാക്കന്മാരെ അറിയാന്‍ ഇനി മണിക്കൂറുകളുടെ ഇടവേള മാത്രം. ആറാഴ്ചകള്‍ നീണ്ട, അഞ്ചു ഭൂഖണ്ഡങ്ങളില്‍നിന്നുള്ള 14 ടീമുകള്‍ പങ്കെടുത്ത 48 മത്സരങ്ങള്‍ക്ക് ശേഷം 11ാം ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ മാറ്റുരക്കുന്നത് ആതിഥേയ ടീമുകളായ ഓസ്ട്രേലിയയും ന്യൂസിലണ്ടും. തങ്ങളുടെ രാജ്യത്ത് നടന്ന പോരാട്ടങ്ങളില്‍ എട്ടില്‍ എട്ടും ജയിച്ചാണ് സൂപ്പര്‍ ഫോമിലുള്ള ന്യൂസിലന്‍ഡ് കിരീടപ്പോരാട്ടത്തില്‍ എത്തിനില്‍ക്കുന്നത്. നേരത്തെ പ്രാഥമിക മത്സരത്തില്‍ കീവിസും, ഓസിസും ഏറ്റുമുട്ടിയപ്പോള്‍ വിജയം ന്യൂസിലണ്ടിനായിരുന്നു. ഫൈനലില്‍ ഈ തോല്‍വിയ്ക്ക് മധുരപ്രതികാരം ചെയ്യാമെന്ന കണക്ക് കൂട്ടലിലാണ് ക്ലര്‍ക്കും സംഘവും.
ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വിജയചരിത്രം അവകാശപ്പെട്ടാണ് മൈക്കല്‍ ക്ളാര്‍ക്കും സംഘവും ഏഴാം ഫൈനലിനിറങ്ങുന്നത്. ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ക്ലര്‍ക്കിന് കിരീട വിജയത്തോടെ ഏറ്റവും മികച്ച യാത്രയയപ്പ് നല്കാനാവുമെന്ന കണക്ക് കൂട്ടലിലാണ് ഓസിസ് ടീം.
ട്രെന്റ് ബോള്‍ട്ടിന്റെയും ടിം സൗത്തിയുടെയും ന്യൂബാള്‍ ആക്രമണം ന്യൂസിലണ്ട് സാഹചര്യങ്ങളില്‍നിന്ന് മാറിയതിനോട് എങ്ങനെ പൊരുത്തപ്പെടുന്നു എന്നതനുസരിച്ചിരിക്കും ബ്രണ്ടന്‍ മക്കല്ലത്തിന്റെയും കൂട്ടരുടെയും കിരീടസാധ്യതകള്‍.
Discussion about this post