തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിയമസഭയില്‍ നടത്തിയത് തെറ്റിദ്ധാരണാജനകമായ വെളിപ്പെടുത്തലുകളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കില്‍ അതിന്മേല് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ മെഡിക്കല്‍ കോഴ മറച്ചുവെയ്ക്കാനായി കരുതിക്കൂട്ടി നടത്തിയതെന്ന രീതിയില്‍ മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പ്രസ്താവന നടത്തിയിരുന്നു. അക്രമത്തിനുള്ള ശ്രമങ്ങളുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതായാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരത്ത് നടന്ന ആക്രമണ സംഭവങ്ങളില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. മുഖ്യമന്ത്രി വസ്തുതകളെ വളച്ചൊടിക്കുകയാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്നത് കല്പിച്ചുണ്ടാക്കിയ കെട്ടുകഥയാണങ്കെിലും അതില്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് വ്യക്തമാക്കണം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ ആയുധമാക്കി ഉപയോഗിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. പോലീസിന്റെ നിഷേധാത്മകമായ നയം മൂലമാണ് കേരളത്തില്‍ അക്രമപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നാട്ടില്‍ സമാധാനമില്ലാത്തതുകൊണ്ടാണ് സമാധാനചര്‍ച്ചകള്‍ വേണ്ടിവരുന്നത്. ഈ യാഥാര്‍ഥ്യങ്ങള്‍ മുഖ്യമന്ത്രി തിരിച്ചറിയണം. സമാധാന ചര്‍ച്ചകള്‍ നടന്നതിനു ശേഷവും കോട്ടയത്തും മറ്റും അക്രമങ്ങള്‍ നടന്നു. സംഘട്ടനങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ ശക്തമായ നടപടി പോലീസ് സ്വീകരിക്കണം.
അഴിമതി ആരോപണങ്ങളില്‍ കുറ്റക്കാരെന്ന് ബോധ്യപ്പെടുന്നവര്‍ക്കെതിരെ പാര്‍ട്ടി അന്വേഷണം നടത്തി ശക്തമായ നടപടികള്‍ സ്വീകരിക്കും. എല്ലാ ആരോപണങ്ങള്‍ക്കും മേല്‍ അന്വേഷണം നടന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post