ഡല്‍ഹി: ഇന്ത്യ-പാക് സൈബര്‍ യുദ്ധത്തിന് തിരികൊളുത്താനൊരുങ്ങി ഇന്ത്യന്‍ ഹാക്കര്‍മാര്‍. പാക്ക് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് നാണം കെടുത്താനും, വേണ്ടിവന്നാല്‍ റാന്‍സംവെയര്‍ ആക്രമണത്തിനും ഇന്ത്യന്‍ ഹാക്കര്‍മാര്‍ തയ്യാറാണെന്ന് ഒരു ഇന്ത്യന്‍ ഹാക്കറുടെ വാക്കുകളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ആഗസ്റ്റ് 3ന് www.pakistan.gov.pk എന്ന വെബ്‌സൈറ്റ് ഹാക്ക് ചെയ്ത ഇന്ത്യന്‍ ഹാക്കര്‍മാര്‍ ആ വെബ്‌സൈറ്റില്‍ ഇന്ത്യന്‍ പതാകയും ദേശീയ ഗാനവും സ്വാതന്ത്ര്യ ദിനാശംസയും പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നും കൂടുതല്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെടുമെന്ന് ഹാക്കര്‍മാര്‍ അവകാശപ്പെടുന്നു.
ഹാക്കര്‍മാര്‍ തമ്മിലുള്ള സൈബര്‍ യുദ്ധം ദിനംപ്രതി ആവര്‍ത്തിക്കപ്പെടുന്ന ഒന്നാണെങ്കിലും ഇത്തവണ സൈബര്‍ ആക്രമണങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ശക്തമാവുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പാക്ക് ഇന്റര്‍നെറ്റ് ശൃഖലയില്‍ റാന്‍സംവെയര്‍ ആക്രമണം നടത്തുന്നതിനും നെറ്റ്‌വര്‍ക്ക് തിരികെ ലഭിക്കണമെങ്കില്‍ അവരില്‍ നിന്നും ബിറ്റ്‌കോയിനുകള്‍ ആവശ്യപ്പെടാനും ഹാക്കര്‍മാര്‍ പദ്ധതിയിടുന്നുണ്ട്.
മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് പോലുള്ള ഇന്ത്യന്‍ ഹാക്കര്‍ സംഘങ്ങള്‍ പാക്ക് വെബ്‌സൈറ്റുകള്‍ക്ക് നേരെ നിരവധി തവണ ആക്രമണങ്ങള്‍ നടത്തിയിരുന്നു. പാക്കിസ്താനില്‍ നിന്ന് തിരിച്ചും സമാനമായ ആക്രമണങ്ങള്‍ ഉണ്ടാവാറുണ്ട്.
Discussion about this post