തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ പ്രതിപക്ഷം. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കാട്ടി പതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഷാഫി പറമ്പില്‍ എംഎല്‍എ.യാണ് നോട്ടീസ് നല്‍കിയത്. മന്ത്രി സ്വജന പക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ അധികാര ദുര്‍വിനിയോഗം ഉണ്ടായതായി ഹൈക്കോടതി ഉത്തരവിലുണ്ടെന്ന് ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി.
എന്നാൽ ബാലവാകാശ കമ്മീഷന്‍ അപേക്ഷ നീട്ടാനുള്ള നിര്‍ദ്ദേശത്തില്‍ അപാകമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിയുടെ മുന്നില്‍ വന്ന ഫയലിലെ തീരുമാന പ്രകാരമാണ് അപേക്ഷ നീട്ടാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നും അതില്‍ അപാകതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. ആരോപണത്തോട് ആരോഗ്യ മന്ത്രി സഭയിൽ പ്രതികരിച്ചില്ല. ആരോഗ്യമന്ത്രി രാജിവെക്കണമെന്നും അല്ലെങ്കില്‍ മന്ത്രിയെ മുഖ്യമന്ത്രി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
കമ്മീഷനിലെ രണ്ടംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. 25 പേജുള്ള ഹൈക്കോടതി വിധിയില്‍ അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും ഉണ്ടായെന്ന് പറയുന്നുണ്ട്. സംസ്ഥാന ചരിത്രത്തില്‍ ഏതെങ്കിലുമൊരു മന്ത്രിക്കെതിരെ ഹൈക്കോടതിയുടെ അന്തിമ വിധിന്യായത്തില്‍ ഇത്തരം ഗുരുതരമായ പരാമര്‍ശങ്ങള്‍ വരുന്നത് ആദ്യമായാണെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ ഷാഫി പറമ്പില്‍ പറഞ്ഞു.
സിപിഎം വയനാട് ജില്ലാ കമ്മിറ്റി അംഗം ടി.ബി. സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷം കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നത്. സുരേഷ് 12 കേസുകളിലെ പ്രതിയാണ്. ഒരുകേസില്‍ 65 ദിവസത്തോളം റിമന്‍ഡില്‍ കിടന്നയാളാണ്. കൊട്ടിയൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ ചൈല്‍ഡ് വെല്‍ഫയര്‍ അതോറിറ്റിയില്‍ നിന്ന് പുറത്താക്കപ്പെട്ട് ആളുമാണ്. ഇത്തദരം പശ്ചാത്തലങ്ങളുള്ള ആളിനെ ബാലാവകാശ കമ്മീഷന്‍ അംഗമാക്കാന്‍ വഴിവിട്ട ഇടപെടല്‍ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അപേക്ഷാ തിയതി നീട്ടി നല്‍കിയത് മന്ത്രിയുടെ ഇഷ്ടക്കാരെ നിയമിക്കുന്നതിന് വേണ്ടിയാണെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ മന്ത്രി രാജിവെയ്ക്കുകയോ അല്ലെങ്കില്‍ പുറത്താക്കുകയോ വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി തള്ളിക്കളഞ്ഞു.
എന്നാല്‍ ഹൈക്കോടതി വിധിയില്‍ വിമര്‍ശമുണ്ടായതായി മുഖ്യമന്ത്രി സഭയില്‍ സമ്മതിച്ചു. അതേസമയം ബന്ധപ്പെട്ട ആളുടെ ഭാഗമെന്തെന്ന് കേള്‍ക്കാതെയാണ് കോടതി പരാമര്‍ശം വന്നിരിക്കുന്നത്. ഹൈക്കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ നിയമപരമായ എല്ലാ മാര്‍ഗങ്ങളും നോക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ഒരുതരത്തിലുമുള്ള വഴിവിട്ട ഇടപെടലുകളുമില്ല. കാസര്‍കോട്, തൃശ്ശൂര്‍ പത്തനംതിട്ട എന്നീ ജില്ലകളില്‍ നിന്ന് ഒരപേക്ഷപോലും വരാത്ത സാഹചര്യത്തില്‍ മന്ത്രിയുടെ മുന്നില്‍ എത്തിയ ഫയലിലെ നിര്‍ദ്ദേശപ്രകാരമാണ് അപേക്ഷ നീട്ടാന്‍ തീരുമാനിച്ചത് എന്ന വിശദീകരണമാണ് മുഖ്യമന്ത്രി നല്‍കിയത്. സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ഇതേ വാദങ്ങളാണ് ഉന്നയിച്ചത്. എന്നാല്‍ കോടതി ഇത് പരിഗണിച്ചിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അപേക്ഷ നീട്ടി നല്‍കേണ്ട സാഹചര്യമില്ല എന്ന് കോടതി വിധിയില്‍ പറയുന്നുണ്ട്. എല്ലാ ജില്ലകളില്‍ നിന്നും അപേക്ഷ ഉണ്ടായിരിക്കണമെന്നുള്ള നിബന്ധന ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ ഇല്ല. കമ്മീഷന്‍ നിയമനങ്ങള്‍ നടപ്പാക്കാത്തതില്‍ സംസ്ഥാനസര്‍ക്കാരിനെ സുപ്രീം കോടതി വിമര്‍ശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ 50,000 രൂപ സംസ്ഥാന സര്‍ക്കാരിന് പിഴയീടാക്കിയിട്ടുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയതായി കോടതി വിധി വന്നിട്ടും മന്ത്രിയെ എന്തുകൊണ്ട് മുഖ്യമന്ത്രി പുറത്താക്കുന്നില്ലെന്ന് പ്രതിപക്ഷം ചോദിച്ചു.
ബന്ധുനിയമന വിവാദത്തില്‍ ഇ. പി ജയരാജനെ രാജിവെപ്പിച്ച മുഖ്യമന്തിരി ശൈലജ ടീച്ചറിനെ സംരക്ഷിക്കുന്നതെന്തിനെന്ന ഷാഫി പറമ്പില്‍ ചോദിച്ചു. സര്‍ക്കാരിനെ ന്യായീകരിക്കുന്ന സൈബര്‍ പോരാളികളേപ്പോലെ മുഖ്യമന്ത്രി തഴംതാരരുത്. കടക്കുപുറത്തെന്ന് മാധ്യമങ്ങളോടു പറഞ്ഞ മുഖ്യമന്ത്രി ഇത് മന്ത്രിയോടും പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മറുപടിയെത്തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.ഇതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധവുമായി സ്പീക്കര്‍ക്ക് നേരെ തിരിഞ്ഞു. സഭാ നടപടികള്‍ തടസ്സപ്പെട്ടതോടെ സ്പീക്കര്‍ സഭ താല്‍ക്കാലികമായി പിരിയുന്നതായി അറിയിച്ചു.
Discussion about this post