കൊച്ചി:ആര്.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളന്തോട്ടത്തില്‍ മനോജിനെ വധിച്ച കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ മുഖ്യആസൂത്രകനാക്കി സി.ബി.ഐ കുറ്റപത്രം തലശേരി സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചു. ജയരാജനെ കൂടാതെ മറ്റ് അഞ്ചു പേരെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി ജയരാജനെതിരെ യുഎപിഎ ഉള്‍പ്പെടെ പതിനഞ്ചിലേറെ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മനോജ് വധക്കേസില്‍ സി.പി.എം ഏരിയാ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയ 24 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. രാഷ്ട്രീയവൈരാഗ്യം വച്ചുള്ള കൊലപാതകമെന്നാണ് സി.ബി.ഐയുടെ നിഗമനം. ജയരാജന് മനോജിനോട് വ്യക്തിപരമായ ശത്രുതയും രാഷ്ട്രീയ വൈരാഗ്യവും ഉണ്ടായിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു.
കണ്ണൂരില്‍ കലാപവും ഭീകരാന്തരീക്ഷവും സൃഷ്ടിക്കാന്‍ ശ്രമിച്ചു. ജയരാജനെ ആക്രമിച്ചതു കൊണ്ടാണ് മനോജിനെ കൊന്നത്. ഒന്നാം പ്രതി വിക്രമനുമായി പദ്ധതി ആസൂത്രണം ചെയ്തത് ജയരാജനാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. മറ്റ് കുറ്റവാളികളെ വിക്രമന് ഏകോപിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കേസില്‍ ജയരാജനെ 25ആം പ്രതിയാക്കി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സി.ബി.ഐ തലശേരി സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയുള്ള അനുബന്ധ കുറ്റപത്രത്തിലാണ് ജയരാജനാണ് മുഖ്യആസൂത്രകനെന്ന് സി.ബി.ഐ പറയുന്നത്. കൊലപാതകത്തിനു കൂട്ടുനിന്നതിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും പുറമേ യു.എ.പി.എ (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) വകുപ്പുകള്‍ പ്രകാരം ആസൂത്രണം, സംഘംചേരല്‍ എന്നീ കുറ്റങ്ങളും പ്രതികള്‍ക്കെതികെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജയരാജനെ സി.ബി.ഐ അറസ്റ്റു ചെയ്തിരുന്നു.
2014 സെപ്തംബര്‍ ഒന്നിന് രാവിലെ 11 മണിയോടെയാണ് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ ഡയമണ്ട് മുക്കില്‍ ഇളന്തോട്ടത്തില്‍ കെ.മനോജിനെ സിപിഎം സംഘം കൊലപ്പെടുത്തുന്നത്. തലശ്ശേരിയിലേക്ക് പോകവേ അക്രമിസംഘം മനോജിന്റെ വാനിനു നേരെ ബോംബെറിഞ്ഞു. വാന്‍ മതിലിലിടിച്ച് നിന്നപ്പോള്‍ അക്രമികള്‍ മനോജിനെ വാനില്‍ നിന്നും പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.
ഉന്നത സിപിഎം നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു കൊല. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന് ജയിന് രാജ്, മനോജ് കൊല്ലപ്പെട്ട ദിവസം അക്രമത്തെ അനുകൂലിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഏറെ വിവാദത്തിന് വഴിയൊരുക്കി. ജയിന് രാജിനെതിരെ കേസെടുത്തു. യുഎപിഎ ചുമത്തിയതോടെ കേസ് സിബിഐ ഏറ്റെടുത്തു. സിപിഎം കിഴക്കേ കതിരൂര്‍ വെസ്റ്റ് ബ്രാഞ്ച് അംഗവും പാട്യം സഹകരണ ബാങ്ക് വാച്ചുമാനുമായ ഒന്നാം പ്രതി വിക്രമന് സപ്തംബര്‍ 11ന് കോടതിയില്‍ കീഴടങ്ങിയതോടെ സിപിഎം ഉന്നത നേതൃത്വത്തിന്റെ പങ്ക് പുറത്തുവന്നു.
പി.ജയരാജനും പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി മധുസൂദനനും ഉള്‍പ്പെടെയുളളവര്‍ ഗൂഢാലോചനാക്കുറ്റത്തില്‍ പ്രതികളായി. പി.ജയരാജനെ അറസ്റ്റു ചെയ്യുകയും ഒരു മാസത്തോളം കണ്ണൂര്‍ ജയിലില്‍ കഴിഞ്ഞിരുന്നു. വധിക്കാന്‍ ആദ്യഗൂഢാലോചന നടന്നത് കിഴക്കെ കതിരൂരിലെ പി.ജയരാജന്റെ തറവാട് ക്ഷേത്രമായ പാറേക്കാവില്‍ വച്ചാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
Discussion about this post