ബ്രിക്‌സ് ഉച്ചകോടിയില്‍ പാക് ഭീകരവാദം ഇന്ത്യ ഉയര്‍ത്തിയാല്‍ ചൈന എന്ത് നടപടി സ്വീകരിക്കുമെന്ന് ലോകം ഉറ്റു നോക്കിയിരുന്നു. പതിവ് പോലെ പാക്കിസ്ഥാനെ ചൈനയ്ക്ക് പിന്തുണക്കാന്‍ കഴിയുമോ എന്നായിരുന്നു ഉയര്‍ന്ന ചോദ്യം. എന്നാല്‍ സ്വന്തം നാട്ടില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പാക്കിസ്ഥാനെ തള്ളിപറയാന്‍ ചൈന നിര്‍ബന്ധിതമായി. സുഹൃദ് രാജ്യമായ ചൈനയെ വിശ്വാസിക്കാന്‍ കൊള്ളില്ലെന്ന് പാക്കിസ്ഥാന് ഇപ്പോള്‍ ബോധ്യമായി കാണണം. കനത്ത തിരിച്ചടിയാണ് നിലപാട് മാറ്റം വഴി ചൈന പാക്കിസ്ഥാന നല്‍കിയത്.
ഇന്ത്യന്‍ നിലപാടിനു പിന്തുണയറിയിച്ച് തീവ്രവാദത്തിനെതിരെ കടുത്ത നിലപാടുമായി ബ്രിക്‌സ് ഉച്ചകോടിയ്ക്ക് തിരശ്ശീല വിഴുമ്പോള്‍ ചൈനയുടെ മാറിയ നിലപാട് തന്നെയാവും ചര്‍ച്ചാ വിഷയം. ഭീകര സംഘടനകളായ താലിബാന്‍, ഇസ്‌ലാമിക് സ്റ്റേറ്റ്, അല്‍ ഖായിദ, ഹഖാനി ശൃംഖല, ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ എന്നിവയെ ഉച്ചകോടി അപലപിച്ചു. ഈ സംഘടനകള്‍ മേഖലയില്‍ സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണിയിലും ഉച്ചകോടി ആശങ്ക രേഖപ്പെടുത്തി. തീവ്രവാദത്തിനെതിരെ ഒരുമിച്ചു പോരാടാനും ബ്രിക്‌സ് രാജ്യങ്ങള്‍ സംയുക്തമായി തീരുമാനിച്ചു.
ഗോവയില്‍ കഴിഞ്ഞ തവണ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഭീകരസംഘടനകള്‍ക്കെതിരെ കൂട്ടായ തീരുമാനം എടുപ്പിക്കാന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ക്കു വിലങ്ങുതടിയായത് ചൈനയായിരുന്നു. പാക്ക് ഭീകരസംഘടനകളായ ലഷ്‌കറെ തയിബ, ജയ്‌ഷെ മുഹമ്മദ് എന്നിവയെ പരാമര്‍ശിക്കുന്നത് ചൈന ഇടപെട്ടു വിലക്കിയിരുന്നു. അതിനാല്‍ ഇത്തവണ ചൈനയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ ഈ രണ്ട് സംഘടനകളുടെയും പേര് ഉള്‍പ്പെടുത്താനായതു ഇന്ത്യയുടേതും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നേട്ടമാണ്. ഇതാദ്യമായാണ് ഭീകരസംഘടനകളുടെ പേരു ബ്രിക്‌സ് യോഗത്തില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെടുന്നത്. ഷീ ജിന്‍പിങ് ഉള്‍പ്പടെ എല്ലാ നേതാക്കന്‍മാരും ഭീകരവാദത്തെ ശക്തമായി അപലപിച്ചു. ഭീകര സംഘടനകള്‍ക്കെതിരെ സാമ്പത്തികമായ നടപടിയെടുക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടന്നു. തീവ്രവാദത്തിനെതിരെ യുഎന്‍ രക്ഷാസമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും അംഗരാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
തീവ്രവാദത്തിനെതിരെ യോജിച്ചുള്ള പ്രവര്‍ത്തനം വേണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്‌സ് യോഗത്തില്‍ ആവശ്യപ്പെട്ടു. ‘ഡീ റാഡിക്കലൈസേഷന്‍’ ഉച്ചകോടിയെന്ന ആശയവും അദ്ദേഹം മുന്നോട്ടുവച്ചു. പാക് അനുകൂല നിലപാട് സ്വീകരിക്കുന്ന ചൈനയ്‌ക്കെതിരെ വലിയ തോതില്‍ ലോകരാജ്യങ്ങളുടെ എതിര്‍പ്പ് ഉയര്‍ത്താനുള്ള നരേന്ദ്രമോദിയുടെ ശ്രമങ്ങള്‍ വിജയം കണ്ടിരുന്നു. ദക്ഷിണേഷ്യയില്‍ മേധാവിത്വം ഉറപ്പിക്കാനുള്ള ചൈനിസ് നീക്കത്തിന് എതിരായ ചെറുത്ത് നില്‍പും മോദിയുടെ നേതൃത്വത്തില്‍ നടന്നു. അമേരിക്ക ഉള്‍പ്പടെ ലോക ശക്തികള്‍ ചൈനയുടെ ഭീകരവാദപിന്തുണ നിലപാടിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ നയതന്ത്രതലത്തിലുള്ള വിജയം കൂടിയായി അത്.
ബ്രിക്‌സ് ഉച്ചകോടിയില്‍ ചൈന ഇതുവരെയുള്ള നിലപാട് മാറ്റുമ്പോള്‍ പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യന്‍ വാദങ്ങള്‍ ആ രാജ്യം കൂടി ശരിവെക്കുകയാണ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്രവിജയം കൂടിയായി ഇതോടെ ബ്രിക്‌സ് ഉച്ചകോടി മാറി.
Discussion about this post