കൊച്ചി: ദിലീപ് ചിത്രം രാമലീലയ്ക്ക് പോലീസ് സംരക്ഷണം നല്കാന് കഴിയില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് തീയറ്ററുകളില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് ടോമിച്ചന് മുളകുപാടം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സിനിമാ റിലീസിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന നിരീക്ഷണത്തോടെയാണ് ഹര്‍ജി തള്ളിയത്.
ദിലീപിന്റെ അറസ്റ്റോടെ റിലീസ് നീട്ടിവച്ച ചിത്രം ഈ മാസം 28ന് പുറത്തിറക്കാന്‍ അണിയറക്കാര്‍ തീരുമാനിച്ചിരുന്നു. ദിലീപിന്റെ ജാമ്യാപേക്ഷ മൂന്നാമതും കോടതി തള്ളിയതോടെയാണ് നായകന്റെ ജയില്‍ റിലീസിന് കാത്തുനില്‍ക്കാതെ ചിത്രം തീയറ്ററുകളില്‍ എത്തിക്കാന്‍ മുളകുപാടം ഫിലിംസ് തീരുമാനിച്ചത്.
പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തിന്റെ സംവിധായകന് നവാഗതനായ അരുണ്‍ ഗോപിയാണ്. 14 കോടി മുതല്‍ മുടക്കില്‍ ഒരുക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സൂപ്പര്‍ ഹിറ്റുകളുടെ തിരക്കഥാകൃത്ത് സച്ചിയാണ്. പ്രയാഗ മാര്‍ട്ടിനാണ് നായിക. സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, രാധിക ശരത്കുമാര്, വിജയരാഘവന്, മുകേഷ് തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്.
Discussion about this post