തിരുവനന്തപുരം: ജന്മാഷ്ടമി ദിനത്തില്‍ ക്ഷേത്രദര്‍ശനം നടത്തിയ ദേവസ്വം മന്ത്രി കടകംപള്ളിയോട് സിപിഎം വിശദീകരണം തേടുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മറുപടി പറയില്ല. മന്ത്രിയുടെ നിലപാട് അറിഞ്ഞ ശേഷം പാര്‍ട്ടി തീരുമാനം കൈക്കൊള്ളുമെന്നും കോടിയേരി അറിയിച്ചു.
ശ്രീകൃഷ്ണജയന്തി ദിനത്തിലാണ് കടകംപള്ളി ഗുരുവായൂരപ്പന് മുന്നില്‍ തൊഴാനെത്തിയത്. ഉത്സവത്തിന്റെ ഭാഗമായി പറ നിറയ്ക്കുകയും കുടുംബാംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ പേരില്‍ മന്ത്രി പുഷ്പാഞ്ജലി നടത്തുകയും ചെയ്തു. ഇതാദ്യമായാണ് ഒരു സിപിഎം മന്ത്രി ഗുരുവായൂരില്‍ വഴിപാട് നടത്തുന്നത്. കടകംപള്ളിയെ തള്ളണോ കൊള്ളണോ എന്നറിയാതെ പാര്‍ട്ടി വിഷമവൃത്തത്തിലാണ്. ഇക്കാര്യത്തില്‍ ഇനിയും നയം വ്യക്തമാക്കിയിട്ടില്ല.
ക്ഷേത്രവിശ്വാസത്തില് നിന്ന് വിട്ടുനില്‍ക്കണമെന്നാണ് സിപിഎം നേതൃത്വത്തിന്റെ ഔദ്യോഗിക തീരുമാനം. പാര്‍ട്ടി കോണ്‍ഗ്രസ്സിലും കോഴിക്കോട് നടന്ന പ്ലീനത്തിലും ഇത് വ്യക്തമാക്കിയിരുന്നു. നേരത്തെ കാടാമ്പുഴയില്‍ കോടിയേരി ബാലകൃഷ്ണന്റെ പത്നി പൂമൂടല്‍ നടത്തിയതും പാര്‍ട്ടി നിഷേധിച്ചിരുന്നു. കോടിയേരിയുടെ പേരിലായിരുന്നു പത്നി വിനോദിനി പൂമൂടല്‍ വഴിപാട് നടത്തിയത്. എന്നാല്‍ കോടിയേരി ഇത് നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്തു.
അതേസമയം ദേവസ്വം മന്ത്രി എന്നുള്ള നിലയില്‍ തന്റെ ചുമതലകള്‍ നിര്‍വ്വഹിക്കുക മാത്രമാണ് ചെയ്തതെന്നും കുടുംബാംഗങ്ങള്‍ പണ്ടുമുതലെ ഭക്തിപ്രസ്ഥാനത്തിന്റെ ആള്‍ക്കാരാണെന്നും കടകംപള്ളി പ്രതികരിച്ചു.
Discussion about this post