തിരുവനന്തപുരം: മൂന്നാര്‍ ഭൂമി കയ്യേറ്റകേസില്‍ അഭിഭാഷകനെച്ചൊല്ലി സിപിഐ-സിപിഐ(എം) തര്‍ക്കം. കേസില്‍ ഹരിത ട്രൈബ്യൂണലില്‍ സര്‍ക്കാരിന് വേണ്ടി ഏത് അഭിഭാഷകന് ഹാജരാകണമെന്നതിനെച്ചൊല്ലി മുഖ്യമന്ത്രിയുടെ ഓഫീസും റവന്യു മന്ത്രിയുടെ ഓഫീസും തമ്മില്‍ തര്‍ക്കം മുറുകുകയാണ്. അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ തന്നെ ഹാജരായാല്‍ മതിയെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്റെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ രേഖാ മൂലം അറിയിച്ചു. എന്നാല്‍ ചെന്നൈയില്‍ നടക്കുന്ന കേസിന് കൊച്ചിയില്‍ നിന്ന് സര്‍ക്കാരിന്റെ അഭിഭാഷകര്‍ പോകേണ്ടതില്ലെന്ന് ആരോപിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം തള്ളി.
ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് 22-ാം തീയതിയാണ് മൂന്നാര്‍ കേസ് പരിഗണിക്കുന്നത്. എഎജി രഞ്ജിത് തമ്പാനാണ് ഇപ്പോള്‍ സംസ്ഥാനസര്‍ക്കാരിന് വേണ്ടി വാദിക്കുന്നത്. റവന്യൂവകുപ്പിന് വേണ്ടി ഇനിയും രഞ്ജിത് തമ്പാന് തന്നെ ഹാജരായാല്‍ മതിയെന്ന നിലപാടാണ് സിപിഐയുടേത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് റവന്യു വകുപ്പ് എജിയ്ക്ക് നല്കിയ കത്തിന്റെ പകര്‍പ്പാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കയച്ചത്. റവന്യു വകുപ്പിന് വേണ്ടി ആര് ഹാജരാകണമെന്ന് വകുപ്പ് തന്നെ തീരുമാനിക്കുമെന്ന ഉറച്ച നിലപാടിലാണ് മന്ത്രി ഇ ചന്ദ്രശേഖരന്.
കേസില്‍ സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ(എം) എംഎല്‍എ എസ് രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നൈയിലുള്ള അഭിഭാഷകയെ നിയോഗിക്കാനുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ് തീരുമാനമുണ്ടായത്.
Discussion about this post