കൊച്ചി: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളന്തോട്ടത്തില്‍ മനോജിനെ വധിച്ച കേസില്‍ 25ാം പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ യുഎപിഎ ചുമത്തിയ കുറ്റപത്രം സിബിഐ കോടതി സ്വീകരിച്ചു. ഗൂഢാലോചനാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കേസില്‍ നവംബര്‍ 16ന് ജയരാജന് വിചാരണക്കോടതിയില്‍ ഹാജരാകണം.
യുഎപിഎ പ്രകാരം കേസെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണമെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് കോടതി നടപടി. യുഎപിഎയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ വിചാരണയ്ക്കിടെ ഉന്നയിക്കാന്‍ അവസരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ജയരാജനെക്കൂടാതെ പയ്യന്നൂരിലെ സിപിഎം മുന്‍ ഏരിയാ സെക്രട്ടറി ടി.എ. മധുസൂദനന്, റിജേഷ്, സുനില്‍കുമാര്‍, ഷജിലേഷ്, മഹേഷ് എന്നിവരെയാണ് രണ്ടാംഘട്ട കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിട്ടുള്ളത്.
കേസിലെ ആറു പ്രതികള്‍ക്കും നോട്ടീസയച്ച കോടതി എല്ലാവരും നവംബര്‍ 16ന് ഹാജരാകണമെന്നും നിര്‍ദേശിച്ചു. ദേശവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമ(യുഎപിഎ)ത്തിലെ 18ാം വകുപ്പ് അടക്കമുള്ളവയാണ് ചുമത്തിയത്. കൊലപാതകത്തിന്റെ മുഖ്യആസൂത്രകന് ജയരാജനാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
നേരത്തെ, സാങ്കേതിക പ്രശ്നങ്ങളാല്‍ രണ്ട് തവണ കുറ്റപത്രം സ്വീകരിക്കുന്നത് കോടതി നീട്ടിയിരുന്നു. ജയരാജന് മനോജിനോടുള്ള രാഷ്ട്രീയ, വ്യക്തി വിരോധങ്ങളാണ് കൊലയ്ക്കു കാരണമെന്ന് ചൂണ്ടിക്കാട്ടുന്ന കുറ്റപത്രത്തില്‍, കൊലയാളി സംഘത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തുനല്‍കി, ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ത്ത്, കലാപത്തിനും സംഘര്‍ഷത്തിനും വഴിമരുന്നിട്ടു തുടങ്ങിയ ആരോപണങ്ങളുമുണ്ട്. തന്റെ വലംകൈയായ വിക്രമനെ സഹായിക്കാന്‍ കേസിലെ മറ്റു പ്രതികളെ നല്‍കിയത് ജയരാജനാണെന്നും പരാമര്‍ശമുണ്ട്.
2014 സപ്തംബര്‍ ഒന്നിനാണ് ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ എളന്തോട്ടത്തില്‍ മനോജ് കൊല്ലപ്പെട്ടത്. കിഴക്കെ കതിരൂരിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ മനോജിന്റെ വാഹനത്തിനു നേരെ ബോംബെറിഞ്ഞ ശേഷം വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.
Discussion about this post