കൊല്‍ക്കത്ത: ബംഗാളില്‍ ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ദുര്‍ഗാപൂജയില്‍ സജീവ പങ്കാളിത്തം ഉറപ്പിക്കാന്‍ സി.പി.എം. ബംഗാള്‍ ഘടകത്തിന്റെ തീരുമാനം. പൂജാ പന്തലുകള്‍ക്കു പുറത്ത് പാര്‍ട്ടി സാഹിത്യപ്രസിദ്ധീകരണങ്ങള്‍ വില്ക്കുന്നതില്മാത്രം ഒതുങ്ങുന്നതായിരുന്നു പതിറ്റാണ്ടുകളായി ദുര്‍ഗാപൂജയിലെ സി.പി.എമ്മിന്റെ പങ്കാളിത്തം. ഈ സ്ഥിതിക്കു മാറ്റമുണ്ടാക്കാനും ദുര്‍ഗാപൂജയില്‍ സജീവമായി ഇടപെടാനുമാണു ബംഗാള്‍ പാര്‍ട്ടിയുടെ തീരുമാനം.
ഇതിന്റെഭാഗമായി ദുര്‍ഗാപൂജയോടനുബന്ധിച്ചുള്ള പരിപാടികളുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി എം.എല്‍.എമാര്‍ക്ക് സി.പി.എം. അനുമതി നല്കി.മത, സാമുദായിക, സാമൂഹിക ആഘോഷങ്ങളില്‍നിന്ന് ഏറെക്കാലം മാറിനില്ക്കാനാകില്ലെന്നു പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. മതത്തില്‍ വിശ്വസിക്കുന്നില്ലെങ്കിലും ഇത്തരം ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്. അവരെ ചെറുക്കാന്‍ ദുര്‍ഗാപൂജ ഉള്‍പ്പെടെയുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും അതുവഴി തങ്ങളുടെ സന്ദേശം ജനങ്ങളിലേക്കെത്തിക്കാനാകുമെന്നുമാണു സി.പി.എമ്മിന്റെ പ്രതീക്ഷ. ഡംഡം നോര്‍ത്തില്‍നിന്നുള്ള സി.പി.എം. എം.എല്‍.എ. തന്മയി ഭട്ടാചാര്യ ഇതുവരെ ദുര്‍ഗാപൂജയുമായി ബന്ധപ്പെട്ട നാലു പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അടുത്തയാഴ്ച പൂര്‍ണമായും ദുര്‍ഗാപൂജാ പരിപാടികളുമായി തിരക്കിലായിരിക്കുമെന്നു മറ്റൊരു പാര്‍ട്ടി എം.എല്‍.എ. മാനസ് മുഖര്‍ജിയും വ്യക്തമാക്കി.
ബംഗാളില്‍ അതിജീവനത്തിനായി കഷ്ടപ്പെടുന്ന സി.പി.എം, തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും ബി.ജെ.പിയില്‍നിന്നും കനത്ത വെല്ലുവിളിയാണു നേരിടുന്നത്. സമീപകാല തെരഞ്ഞെടുപ്പുകളില്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, ഒറ്റയ്ക്കു ഭരിച്ചിരുന്ന മുനിസിപ്പാലിറ്റികളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ പല സീറ്റിലും പാര്‍ട്ടി മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെടുകയുംചെയ്തു.
Discussion about this post