ഒര്‍ലന്‍ഡോ: ഇന്ത്യയുടെ ആധാര്‍ പദ്ധതിയെയും ഡിജിറ്റല്‍ സാങ്കേതിക വളര്‍ച്ചയെയും പ്രശംസിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല. വിന്‍ഡോസ്, ഫെയ്സ്ബുക്ക്, ആന്‍ഡ്രോയ്ഡ് എന്നിവയ്ക്കു വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലാണ് ആധാറിന്റെ വളര്‍ച്ചയെന്നു സത്യ നാദെല്ല പറഞ്ഞു. ‘ഹിറ്റ് റീഫ്രെഷ്’ എന്ന തന്റെ പുസ്തകത്തിലാണ് ഇന്ത്യന്‍ വംശജനായ സത്യ നാദെല്ലയുടെ വെളിപ്പെടുത്തല്‍.
‘ആധാറില്‍ ഇപ്പോള്‍ 100 കോടിയിലധികം ജനങ്ങള്‍ അംഗങ്ങളാണ്. വളര്‍ന്നു കൊണ്ടിരിക്കുന്ന കമ്പനികളായ വിന്‍ഡോസ്, ആന്‍ഡ്രോയ്ഡ്, ഫേസ്ബുക്ക് എന്നിവയ്ക്ക് ഇതൊരു വെല്ലുവിളി ആയേക്കും’ സത്യ പറഞ്ഞു.
ആധാറിന് ഏറെ വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ആണ് ടെക് ലോകത്തെ മുന്‍നിര കമ്പനി മേധാവി പ്രശംസിച്ചിരിക്കുന്നത്. ഇത് കേന്ദ്ര സര്‍ക്കാരിന് ആശ്വാസമാണ്.
പുതിയ ഡിജിറ്റല്‍ പദ്ധതി ‘ഇന്ത്യസ്റ്റാക്കി’നെയും അദ്ദേഹം അഭിനന്ദിച്ചു. സര്‍ക്കാരുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവര്‍ക്കു ഉപയോഗിക്കാവുന്ന സവിശേഷ അടിസ്ഥാന സൗകര്യ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ഇന്ത്യസ്റ്റാക്ക്. ഉപയോക്താവിന്റെ പ്രത്യക്ഷ സാന്നിധ്യമില്ലാതെയും കടലാസ് രഹിതവും കറന്‍സി രഹിതവുമായി ഇടപാടുകള്‍ എളുപ്പത്തിലാക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേസ് (എപിഐ) കൂട്ടായ്മായാണിത്.
‘വ്യവസായ നയം, പൊതുമേഖലയിലെ നിക്ഷേപം, നിക്ഷേപ സൗഹൃദാന്തരീക്ഷം തുടങ്ങിയവ ഏകോപിപ്പിച്ചതാണ് ചൈനയുടെ വിജയം. ചൈനയുടെ വിജയമാതൃക മറ്റുള്ള രാജ്യങ്ങളും അനുകരിക്കുന്നുണ്ട്. ഇതിന്റെ മികച്ച പതിപ്പാണ് ഇന്ത്യസ്റ്റാക്ക്’ സത്യ നാദെല്ല പറഞ്ഞു.
ബെംഗളൂരുവില്‍ വന്നപ്പോള്‍ നന്ദന് നിലേകാനിയെ കണ്ടതും ഇന്ത്യസ്റ്റാക്ക്, ആധാര്‍ എന്നിവയെപ്പറ്റി ചര്‍ച്ച ചെയ്തതും അദ്ദേഹം പുസ്തകത്തില്‍ പങ്കുവയ്ക്കുന്നുണ്ട്.
ഇന്ത്യ അടിസ്ഥാന സൗകര്യങ്ങളില്‍ പിന്നാക്കമായിരുന്നെങ്കിലും ഇപ്പോള്‍ വന്‍ കുതിച്ചുചാട്ടമാണ് നടത്തുന്നത്. ഇതിന് ആധാറും ഇന്ത്യസ്റ്റാക്കും വലിയ സംഭാവനയാണ് നല്‍കുന്നത്. ഇഹെല്‍ത്ത് സ്റ്റാര്‍ട്ടപ്പ് കമ്പനി ‘എന്ലൈറ്റിക്സി’നെക്കുറിച്ചും സത്യ മികച്ച അഭിപ്രായമാണ് നടത്തിയത്.
ഇന്ത്യയിലും ചൈനയിലും മാത്രമല്ല ഈ മുന്നേറ്റമുണ്ടായിട്ടുള്ളതെന്നും അദ്ദേഹം നിരീക്ഷിച്ചു. ചിലെ, ഇന്തൊനീഷ്യ, പോളണ്ട്, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്, ഈജിപ്ത് എന്നിവിടങ്ങളിലും സാങ്കേതിക രംഗം മുന്നേറുകയാണെന്നു സത്യ നാദെല്ല പറഞ്ഞു.
ലോകത്തെ നിയന്ത്രിക്കുന്ന ടെക് സംരംഭങ്ങളില്‍ വലിയ സ്ഥാനമുണ്ട് മൈക്രോസോഫ്റ്റിന്. കമ്പനിയുടെ വലിയ സംസ്കാരത്തെക്കുറിച്ചും കമ്പനിയുടെ ആത്മാവിനെ കണ്ടെത്തുന്നതിനെക്കുറിച്ചുമാണ് ഹിറ്റ് റീഫ്രെഷ് എന്ന് സത്യ പറയുന്നു. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് ആണ് പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത്.
Discussion about this post