ഡല്‍ഹി: 2024ലെ ഒളിംപിക്‌സ് ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചതായി സൂചന. ഇന്ത്യയ്ക്ക് അവസരം ലഭിച്ചാല്‍ മുഖ്യവേദി അഹമ്മദാബാദായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രാജ്യാന്തര ഒളിംപിക് കമ്മിറ്റി(ഐഒസി) അധ്യക്ഷന്‍ തോമസ് ബേക്ക് അടുത്തമാസം അവസാനം ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് ബേക്ക് എത്തുന്നത്. ഈ സന്ദര്‍ശന വേളയില്‍ 2024 ഒളിംപിക്‌സ് വേദി സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടായേക്കുമെന്നാണ് സൂചനകള്‍.
കഴിഞ്ഞയാഴ്ച സ്വിറ്റസര്‍ലന്‍ഡ് സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര സ്‌പോര്‍ട് സെക്രട്ടറി അജിത് മോഹന്‍ ശരണ്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഏപ്രിലില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനായി തോമസ് ബേക്കിനെ ക്ഷണിച്ചത്. ഐഒസി അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ അജിത് മോഹന്‍ കേന്ദ്ര കായിക വകുപ്പു മന്ത്രി സര്‍ബാനന്ദ സോനോവാളിന് സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ വാര്‍ത്തയോട് കായിക മന്ത്രാലയം ഇതുവരെയും പ്രതികരിച്ചിട്ടില്ല.
2016ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് അടുത്ത ഒളിംപിക്‌സ് നടക്കുന്നത്. 2020ല്‍ ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയിലാണ് ഒളിംപിക്‌സ് നടക്കുക. അതിനുശേഷം 2024ല്‍ നടക്കുന്ന ഒളിംപിക്‌സിന്റെ വേദി ഇന്ത്യയിലെത്തിക്കാനാണ് ശ്രമം. 2024ലെ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസരം 2015 ജനുവരി മുതല്‍ ആരംഭിച്ചിരുന്നു.
2024 ഒളിംപിക്‌സ് വേദിക്കായി ഇറ്റലിയിലെ റോം, ജര്‍മനിയിലെ ഹാംബര്‍ഗ്, യുഎസിലെ ബോസ്റ്റണ്‍ എന്നീ നഗരങ്ങള്‍ ംഗത്തുണ്ട്. കെനിയയിലെ നയ്‌റോബി, മൊറോക്കോയിലെ കാസാബിയാങ്കാ, ഖത്തറിലെ ദോഹ, ഫ്രാന്‍സിലെ പാരിസ്, റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് എന്നീ നഗരങ്ങളും വേദിക്കായി ശ്രമിക്കുമെന്നാണ് സൂചന. 2017 സെപ്റ്റംബര്‍ 15ന് പെറുവിലെ ലിമയിലാണ് വേദി ഔദ്യോഗികമായി പ്രഖ്യാപിക്കുക.
ഒളിംപിക്‌സിന് വേദിയൊരുക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞാല്‍ അത് ഇന്ത്യന്‍ കായിക രംഗത്തിന് വന്‍ ഉണര്‍വ്വ് പകരുമെന്ന് ഉറപ്പാണ്. മോദിയുടെ ഇടപെടല്‍ വഴി അന്താരാഷ്ട്ര ഒളിംപിംക് അസോസിയേഷനില്‍ സമര്‍ദ്ദം ചെലുത്താനാവുമെന്നാണ് ഇന്ത്യയുടെ കണക്ക് കൂട്ടല്‍.
Discussion about this post