ഡല്‍ഹി: സിപിഐ പാര്‍ട്ടി പരിപാടി നടപ്പാക്കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണത്തിനുള്ള ചര്‍ച്ചകള്‍ക്ക് സഹായകരമാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഒന്നാകുക എന്ന ആശയത്തെ പൂര്‍ണ്ണമായും തള്ളുന്നില്ല എന്ന നിലപാടാണ് പ്രകാശ് കാരാട്ടിനുള്ളത്.
പരിപാടിയുടെ അടിസ്ഥാനത്തില്‍ ലയനം വേണം എന്നതാണ് സിപിഎം നിലപാടെന്ന് പ്രകാശ് കാരാട്ട് ഏഷ്യാനൈറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇപ്പോള്‍ സിപിഐ ഒരു പരിപാടി അംഗീകരിച്ചു, ഇത് സിപിഎം പഠിക്കും. എങ്ങനെ ഒന്നാകാം എന്ന കാര്യത്തില്‍ ചര്‍ച്ച നടത്തും. ഇത് ഘട്ടം ഘട്ടമായി നടക്കണം. കമ്മ്യൂണിസ്റ്റുകള്‍ ഒന്നിച്ചു വരണം എന്ന് ആരാണ് ആഗ്രഹിക്കാത്തത്. ഞങ്ങള്‍ എതിരല്ല. അത് എങ്ങനെ വേണം എന്ന കാര്യത്തിലാണ് ചര്‍ച്ച വേണ്ടതെന്നും കാരാട്ട് പറഞ്ഞു.
നേരത്തെ പലതവണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണം എന്ന ആശയം സിപിഐ മുന്നോട്ട് വച്ചിരുന്നുവെങ്കിലും സിപിഎം അനുകൂല നിലപാട് എടുത്തിരുന്നില്ല. സിപിഎം അഖിലേന്ത്യ കോണ്‍ഗ്രസില്‍ കമ്മ്യൂണിസറ്റ് ഏകീകരണം ചര്‍ച്ചയാകുമെന്ന സൂചനയാണ് പ്രകാശ് കാരാട്ട് നല്‍കുന്നത്.
Discussion about this post