പാലക്കാട്: പാലക്കാട് കണ്ണാടിയില്‍ യത്തീംഖാനയില്‍ നിന്ന് തിരിച്ചുകൊണ്ടുവന്ന കുട്ടികള്‍ക്കും കുടുംബത്തിനും സഹായം നല്‍കുന്നതിനായി സഹായനിധി രൂപീകരിച്ച് പഞ്ചായത്ത് അധികൃതര്‍. വ്യക്തികളുടെ സഹായത്തോടെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാനും കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കാനുമാണ് പഞ്ചായത്തിന്റെ തീരുമാനം. കണ്ണാടി പഞ്ചായത്തിലെ പ്രതീഷ്, ശര്‍മിള ദമ്പതികളാണ് ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും പണമില്ലാത്തതിനാല്‍ അഞ്ച് മക്കളെ യത്തീംഖാനയിലാക്കിയത്.
ഇവരെ കഴിഞ്ഞ ദിവസം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ഇടപെട്ട് തിരിച്ചുകൊണ്ടു വന്നിരുന്നു. ഇവര്‍ക്ക് സഹായം നല്‍കുന്നതിനായി പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പാലക്കാട് കിണാശ്ശേരി ശാഖയില്‍ ആരംഭിച്ച അക്കൗണ്ടിലേക്ക് കോയമ്പത്തൂരിലെ മലയാളി വ്യവസായി വാസുദേവന്‍ തച്ചോട്ട് ആദ്യ തുക നല്‍കി.
സംഭവത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഇദ്ദേഹം സഹായവുമായി എത്തിയത്. വീട് നിര്‍മ്മിക്കുന്നതുവരെ കുടുംബത്തെ വാടക വീട്ടില്‍ താമസിപ്പിക്കാനും ജീവിക്കാനാവശ്യമായ സഹായം നല്‍കുന്നതിനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
Discussion about this post