പത്തനംതിട്ട: ശബരിമലയില്‍ വലിയ നടപ്പന്തലിന് സമീപത്തെ അയ്യപ്പഭക്തര്‍ സൗജന്യമായി ഉപയോഗിച്ചിരുന്ന ലാട്രിന്‍ബ്ലോക്ക് വനംവകുപ്പ് തകര്‍ത്തു. മരക്കൂട്ടത്തുനിന്നു സന്നിധാനത്തെ വലിയനടപ്പന്തലിലേക്ക് വരുമ്പോള്‍ കെഎസ്ഇബി ഓഫീസിനും വനംവകുപ്പിന്റെ സെക്ഷന്‍ ഓഫീസിനും ഐബിയ്ക്കും പിന്നിലായി വര്‍ഷങ്ങളായി ഉണ്ടായിരുന്ന 30ഓളം ശൗചാലയങ്ങളാണ് നശിപ്പിക്കപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇത് തകര്‍ത്തതെന്ന് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആസ്ബസ്റ്റോസ് ഷീറ്റുകളാല്‍ നിര്‍മ്മിച്ച ശൗചാലയങ്ങളുടെ മേല്‍ക്കൂരയും ഭിത്തിയുടെ ഭാഗങ്ങളുമാണ് തകര്‍ത്തത്. വനംവകുപ്പ് ഇവിടെ സ്ഥാപിച്ച ജണ്ടയ്ക്ക് പുറത്താണ് ഇതു സ്ഥിതിചെയ്യുന്നത്. തീര്‍ത്ഥാടനക്കാലത്ത് ലക്ഷക്കണക്കിന് ഭക്തര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമായിരുന്നു ഈ ശൗചാലയങ്ങള്‍. ഇനി ഈ തീര്‍ത്ഥാടനക്കാലം ആരംഭിക്കുന്നതിനുമുമ്പ് ഇത് പുനര്‍നിര്‍മ്മിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ശബരിമലയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നെറ്റ് വര്‍ക്കുമായി ഈ ബ്ലോക്ക് ബന്ധിപ്പിക്കുന്നതിനുള്ള പൈപ്പ് സ്ഥാപിക്കാന്‍ ദേവസ്വംബോര്‍ഡ് ശ്രമിച്ചെങ്കിലും വനംവകുപ്പ് അനുവദിച്ചില്ല. അതിനാല്‍ കഴിഞ്ഞ തീര്‍ത്ഥാടനക്കാലത്ത് പൂര്‍ണ്ണമായി ഇത് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നെറ്റ്വര്‍ക്കുമായി ബന്ധിപ്പിച്ചാല്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് ഉപയോഗപ്രദമാകുമായിരുന്ന സംവിധാനം തകര്‍ത്തത് അയ്യപ്പഭക്തരോടുള്ള ക്രൂരതയായി കാണണം. ശബരിമലയില്‍ വനംവകുപ്പും ദേവസ്വംബോര്ഡുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ എല്ലാം അവസാനിച്ചതായി മന്ത്രിമാര്‍ പറയുന്നെങ്കിലും തീര്‍ത്ഥാടനത്തിന് തടസ്സം സൃഷ്ടിക്കുന്ന നീക്കങ്ങളാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്ന ആക്ഷേപം ഉയരുന്നു.
വനംവകുപ്പിന്റെ നടപടിക്കെതിരെ നിയമനടപടികള്‍ക്ക് ദേവസ്വംബോര്‍ഡ് തയ്യാറാവുന്നതായാണ് സൂചന. അതേസമയം ശൗചാലയങ്ങള്‍ തകര്‍ത്തത് തങ്ങള്‍ അറിഞ്ഞില്ലെന്നാണ് ശബരിമലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Discussion about this post